പാകിസ്താന് ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങൾ വാങ്ങേണ്ടിവരുമോ'
text_fieldsന്യൂഡൽഹി: കേന്ദ്ര സര്‍ക്കാറിെൻറ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. പാകിസ്താന് ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടിവരുമോ എന്ന് കെജ്രിവാൾ ചോദിച്ചു. സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് വാക്സിൻ വാങ്ങണമെന്ന കേന്ദ്ര നിർദേശത്തെയാണ് കെജ്രിവാൾ ചോദ്യംചെയ്തത്.
'ലോകത്ത് എല്ലാ രാജ്യങ്ങളും വാക്സിനേഷൻ പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങി. എന്നാൽ, ഇന്ത്യയിൽ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനു പകരം വിദേശത്തേക്ക് കയറ്റിയയച്ചു. വാക്സിനേഷൻ നേരത്തേ തുടങ്ങിയിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ നിരവധി ജീവനുകൾ നമുക്ക് രക്ഷിക്കാമായിരുന്നു'- കോവിഡ് ഓൺലൈൻ വാര്‍ത്തസമ്മേളനത്തില്‍ കെജ്രിവാള് പറഞ്ഞു.
'' സംസ്ഥാന സര്‍ക്കാറുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന് പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിൻ എത്തിക്കാൻ എല്ലാ മുഖ്യമന്ത്രിമാരും ശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ആഗോള ടെൻഡറിന് തയാറെടുത്തതും പരാജയമായി. വാക്സിന് കമ്പനികള്‍ സംസ്ഥാന സര്‍ക്കാറുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. കോവിഡിനെതിരായ യുദ്ധത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തെ പിന്തുണക്കാൻ തയാറാണ്. ഈ പോരാട്ടത്തിൽ നമ്മൾക്ക് തോൽക്കാനാവില്ല. കേന്ദ്രം കോവിഡിന് മുന്നിൽ തോറ്റാൽ ബി.ജെ.പിയല്ല തോൽക്കുന്നത്, ഇന്ത്യ ഒന്നാകെയാണ്'- ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വാക്സിൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം എത്തിക്കണമെന്നും വൈറസിനെ തോൽപിക്കാൻ ടീം ഇന്ത്യ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.