കെജ്രിവാൾ ചൊവ്വാഴ്ച ലഫ്. ഗവർണറെ കാണും; രാജിക്കത്ത് നൽകുമെന്ന് സൂചന
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ചൊവ്വാഴ്ച വൈകിട്ട് 4.30ന് ലഫ്. ഗവർണർ വി.കെ. സക്സേനയെ കാണും. ലഫ്. ഗവർണർ കെജ്രിവാളിന് സമയം അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ കെജ്രിവാൾ രാജിക്കത്ത് നൽകിയേക്കുമെന്നും വിവരമുണ്ട്. തങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾ പറയുമ്പോൾ മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആവുകയുള്ളൂവെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.
സക്സേനയുമായി കൂടിക്കാഴ്ച നടത്താൻ കെജ്രിവാൾ സമയം ചോദിച്ചതായി നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ, ഞായറാഴ്ചയാണ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. 48 മണിക്കൂറിനകം രാജിവെക്കുമെന്നും ഡൽഹിയിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും കെജ്രിവാൾ വ്യക്തമാക്കി. വൈകാതെ എ.എ.പി എം.എൽ.എമാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പദത്തിലേക്ക് മറ്റൊരു നേതാവിനെ നിയോഗിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹി സർക്കാറിന്റെ കാലാവധി 2025 ഫെബ്രുവരി 11നാണ് അവസാനിക്കുക. 2020 ഫെബ്രുവരി എട്ടിനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് 70 ഉം ബി.ജെ.പിക്ക് 62ഉം സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ബി.ജെ.പി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന കെജ്രിവാളിന് വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നു എന്ന സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എ.എ.പിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.