കെജ്രിവാളിന്‍റെ ജയിൽ മോചനം വൈകും; വാദം കേൾക്കൽ 25ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മോചനം വൈകും. ജാമ്യത്തിനെതിരെ ഇ.ഡി നൽകിയ ഹരജിയിൽ വിധി പറയുന്നത് ഹൈകോടതി മാറ്റിവച്ചു. കേസ് ജൂൺ 25ന് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യം തൽക്കാലത്തേക്ക് സ്റ്റേ ചെയ്ത നടപടി തുടരും. ഇതോടെ കെജ്രിവാൾ ചൊവ്വാഴ്ച വരെയെങ്കിലും ജയിലിൽ തുടരേണ്ട സാഹചര്യമാണുള്ളത്. ഹരജിയിൽ വിധി വരുന്നതുവരെയാണ് ഹൈകോടതി ജാമ്യത്തിന് സ്റ്റേ വിധിച്ചത്.
ഇ.ഡി നൽകിയ ഹരജിക്കുമേൽ മണിക്കൂറുകൾ നീണ്ട വാദമാണ് ഇന്ന് ഡൽഹി ഹൈകോടതിയിൽ നടന്നത്. കെജ്രിവാളിന്‍റെ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും തമ്മിൽ വലിയ വാദപ്രതിവാദങ്ങളുണ്ടായി. ജാമ്യം അനുവദിച്ച വിചാരണ കോടതി വിധിയിൽ പിഴവുണ്ടെന്നും തങ്ങളുടെ വാദം അവതരിപ്പിക്കാനായില്ലെന്നും ഇ.ഡി പറഞ്ഞു. തങ്ങൾ നൽകിയ വിവരങ്ങൾ കോടതി പരിഗണിച്ചില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഭരണഘടനാപരമായ പദവി വഹിക്കുന്നു എന്നതുകൊണ്ടുമാത്രം ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്നും എസ്.വി. രാജു പറഞ്ഞു.
വിചാരണ കോടതിയിലെ അതേ വാദങ്ങൾ തന്നെ അഭിഷേക് സിങ്വി ആവർത്തിച്ചെങ്കിലും ഇന്ന് തീരുമാനമുണ്ടായില്ല. കെജ്രിവാളിനെതിരെ ആരോപണം മാത്രമാണെന്നും തെളിവില്ലെന്നും സിങ്വി ചൂണ്ടിക്കാണിച്ചു. ഹൈകോടതിയും സുപ്രീംകോടതിയും കെജ്രിവാളിന്‍റെ ജാമ്യമല്ല, അറസ്റ്റിന്‍റെ നിയമസാധുത പരിശോധിച്ചുവരികയാണെന്നും ഡൽഹി മുഖ്യമന്ത്രി ഒരു ചില്ലിക്കാശു പോലും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിങ്വി പറഞ്ഞു. ഇതോടെ ഹരജിയിൽ വാദം കേൾക്കുന്നത് 25ലേക്ക് മാറ്റുന്നതായി കോടതി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹി റോസ് അവന്യൂ കോടതി കെജ്രിവാളിന് അനുവദിച്ച ജാമ്യം വെള്ളിയാഴ്ച രാവിലെയാണ് ഹൈകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സുധീൻ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരുൾപ്പെടുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഇ.ഡി ഹരജി പരിഗണിക്കുന്നത്. കെജ്രിവാളിനെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് ഇ.ഡി വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.