ഗോദയിലിറങ്ങി കെജ്രിവാൾ! കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു; ഇനി റോഡ് ഷോ...
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും. പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി രണ്ടിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും.
രാവിലെ 11.30ഓടെ ഭാര്യ സുനിതക്കൊപ്പം കെജ്രിവാൾ ഡൽഹി കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനും എം.പി സഞ്ജയ് സിങ്ങും ഡൽഹി മന്ത്രിമാരായ അതിഷി മർലേനയും സൗരവ് ഭരദ്വാജും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കെജ്രിവാളിനെ അനുഗമിക്കുന്നുണ്ട്. ഉച്ചക്ക് ഒരു മണിക്ക് പാർട്ടി ഓഫിസിൽ മാധ്യമപ്രവർത്തകരെ കണ്ടശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമാകുക.
വൈകീട്ട് നാലിന് സൗത് ഡൽഹിയിലെ മെഹ്റോളിയിലും ആറിന് ഈസ്റ്റ് ഡൽഹിയിലെ കൃഷ്ണ നഗറിലും റോഡ് ഷോയിൽ പങ്കെടുക്കും. ജൂൺ ഒന്നുവരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്.
ഡൽഹി സർക്കാറിന്റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രണ്ടു വർഷം മുമ്പ് രജിസ്റ്റർചെയ്ത കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജ്രിവാൾ നൽകിയ ഹരജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തേ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.