ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അയോധ്യയിലേക്കുൾപ്പെടെ സൗജന്യ തീർഥാടനം -കെജ്രിവാൾ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ മുതിർന്ന പൗരൻമാർക്ക് അയോധ്യയുൾപ്പടെ വിവിധ ആരാധനാലയങ്ങളിൽ സൗജന്യ തീർഥാടനം വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. രാജ്കോട്ടിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റ പ്രതികരണം.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി, മികച്ച സ്കൂളുകൾ, ആശുപത്രികൾ എന്നിവയൊരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ദീർഘകാലമായി ബി.ജെ.പി ഭരണത്തിലുള്ള ഗുജറാത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകൾ സമ്പൂർണ പരാജയമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ട് വന്ന പരിഷ്കരണങ്ങൾ കെജ്രിവാൾ എടുത്തു പറഞ്ഞു. അതേസമയം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ 6,000 സർക്കാർ സ്കൂളുകളാണ് അടച്ച് പൂട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു.
27 വർഷമായി ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലിരുന്നിട്ടും ഇതുവരെ ഒരാളെ പോലും തീർഥാടനത്തിനയക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇത്രയും വർഷമായി ആരെയെങ്കിലും അവർ അയോധ്യയിലേക്ക് അയച്ചിട്ടുണ്ടോ? -കെജ്രിവാൾ ചോദിച്ചു. എന്നാൽ ഡൽഹിയിലെ എ.എ.പി സർക്കാറിന് മഥുര, ഹരിദ്വാർ, വൃന്ദാവൻ തുടങ്ങിയ തീർഥാടന സ്ഥലങ്ങളിലേക്ക് സൗജന്യമായി ആളുകളെയെത്തിക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ എ.എ.പി അധികാരത്തിൽ വന്നാൽ പ്രായമായ എല്ലാ പൗരൻമാരെയും എ.സി ട്രെയിനുകളിൽ സൗജന്യമായി ആരാധനായലയങ്ങളിലേക്ക് കൊണ്ടു പോകുമെന്നും താമസിക്കാൻ എ.സി റൂമുകൾ ഒരുക്കി കൊടുക്കുമെന്നും അദ്ദേഹം വാഗ്ദനം ചെയ്തു. ഗുജറാത്ത് ഭരിക്കാൻ സംസ്ഥാനത്തെ എല്ലാ പൗരൻമാരും എ.എ.പിക്ക് ഒരു അവസരം നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.