ജയിലിൽനിന്ന് ഡൽഹി ഭരിക്കും, രാജ്യസ്നേഹിയായ കെജ്രിവാൾ ഭയപ്പെടില്ല -എ.എ.പി
text_fieldsന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. രാജ്യസ്നേഹിയായ കെജ്രിവാൾ ഭയപ്പെടില്ലെന്നും വേണ്ടിവന്നാൽ ജയിലിൽനിന്ന് ഡൽഹി ഭരിക്കുമെന്നും അവർ പറഞ്ഞു.
‘ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണ് അറസ്റ്റ്. രണ്ട് വർഷം മുമ്പ് ഈ കേസിന്റെ അന്വേഷണം ആരംഭിച്ചത് മുതൽ എഎപി നേതാക്കളെുടെയും മന്ത്രിമാരുടെയും വസതികളിലും ഓഫിസിലുമായി 1000ത്തിലധികം റെയ്ഡ് ചെയ്തിട്ടും ഒരു രൂപ പോലും ഇ.ഡിയോ സി.ബി.ഐയോ കണ്ടെടുത്തിട്ടില്ല.
കെജ്‌രിവാൾ വെറുമൊരു മനുഷ്യനല്ല, ആശയമാണ്. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ ആ ആശയം അവസാനിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ഡൽഹി മുഖ്യമന്ത്രിയായി അദ്ദേഹം തുടരും. ആവശ്യമെങ്കിൽ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിട്ടുണ്ട്’ -അതിഷി മാധ്യമങ്ങളോട് പറഞ്ഞു.
भगत सिंह ने देश को आज़ाद करवाने के लिए हंसते-हंसते फाँसी क़ुबूल की
— AAP (@AamAadmiParty) March 21, 2024
अरविंद केजरीवाल ने भी तानाशाह मोदी से देश को मुक्ति दिलाने के लिए सिर पर कफ़न बांधा है
देशभक्त केजरीवाल डरेगा नहीं 🔥#IStandWithKejriwal pic.twitter.com/VTYxlpM3tx
നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പാർട്ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. “അഭിഭാഷകർ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് രാത്രി തന്നെ കേസ് കേൾക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടും” -അതിഷി വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് എട്ടംഗ സംഘം എത്തി അറസ്റ്റ് ചെയ്തത്. പുതിയ സമൻസ് നൽകാനാണെന്നും സെർച്ച് വാറന്‍റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്.
ഇ.ഡി നേരത്തെ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കെജ്രിവാൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന് പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഡൽഹിയിലെ വിവാദ മദ്യനയത്തിൽ അഴിമതി, കള്ളപ്പണ ഇടപാട് എന്നിവക്ക് കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് നേതാവ് സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയും ജയിലിലായി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് മോദിസർക്കാറിന്‍റെ നീക്കമെന്ന് ആപ് പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കെജ്രിവാളിന്റെ പേര് ഇ.ഡിയുടെ കുറ്റപത്രത്തിൽ പലവട്ടം പരാമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.