‘തീവ്രവാദിയോടെന്ന പോലെ കെജ്രിവാളിനോട് പെരുമാറുന്നു, ഏകാധിപത്യം എല്ലാ പരിധിയും ലംഘിച്ചു’
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം സ്റ്റേ ചെയ്ത ഹൈകോടതി നടപടിക്കു പിന്നാലെ കേന്ദ്ര സർക്കാറിനെ വിമർശിച്ച്, ഭാര്യ സുനിത കെജ്രിവാൾ രംഗത്ത്. തീവ്രവാദിയോടെന്ന പോലെയാണ് കേന്ദ്രവും അന്വേഷണ ഏജൻസികളും കെജ്രിവാളിനോട് പെരുമാറുന്നതെന്നും രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധിയും ലംഘിക്കുകയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി റോസ് അവന്യൂ കോടതി കെജ്രിവാളിന് അനുവദിച്ച ജാമ്യം വെള്ളിയാഴ്ച രാവിലെയാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
“വിചാരണ കോടതി ജാമ്യം അനുവദിച്ച ഉത്തരവ് അവരുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനു മുൻപുതന്നെ ഇ.ഡി എതിർപ്പുമായി ഹൈകോടതിയിലെത്തി. തീവ്രവാദിയോടെന്ന പോലെയാണ് കേന്ദ്രവും അന്വേഷണ ഏജൻസികളും കെജ്രിവാളിനോട് പെരുമാറുന്നത്. രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധിയും ലംഘിക്കുകയാണ്. ഹൈകോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല, നീതി ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” -സുനിത പറഞ്ഞു.
കേന്ദ്രസർക്കാറിനെ വിമർശിച്ച് എ.എ.പി എം.പി സഞ്ജയ് സിങ്ങും രംഗത്തെത്തി. കോടതി ഉത്തരവിന്‍റെ പകർപ്പ് ലഭിക്കുന്നതിനു മുൻപ് അപ്പീലിനു പോയ ഇ.ഡി നടപടി, മോദി സർക്കാറിന്‍റെ തെമ്മാടിത്തരമാണെന്ന് സഞ്ജയ് സിങ് എക്സിൽ കുറിച്ചു. നീതിന്യായ സംവിധാനത്തെ പരിഹസിക്കാനുള്ള ശ്രമമാണ് മോദിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി പരിഗണിക്കുന്നത് വരെയാണ് കെജ്രിവാളിന്റെ ജാമ്യത്തിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ജസ്റ്റിസ് സുധീൻ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരുൾപ്പെടുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കെജ്രിവാളിനെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് ഇ.ഡി വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.