മദ്യനയ അഴിമതി കേസ്: കെജ്രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി 20 വരെ നീട്ടി
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് 20 വരെ നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്. വിഡിയോ കോൺഫറൻസ് വഴിയാണ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ അധിക കുറ്റപത്രം ഈ മാസം 12ന് സി.ബി.ഐ സമർപ്പിച്ചേക്കും.
മദ്യനയ അഴിമതിയിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളെന്ന് സി.ബി.ഐ കെജ്രിവാളിനെ പരാമർശിക്കുന്നുണ്ട്. ഇക്കാരണം കാണിച്ച് ജൂണിലാണ് കോടതി കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സി.ബി.ഐ വാദവും കോടതി പരിഗണിച്ചു. ഇ.ഡി കേസിൽ ജാമ്യം നേടി പുറത്തിറങ്ങാനിരിക്കെ, ജൂൺ 26നാണ് കെജ്രിവാളിനെ സി.ബി.ഐ തിഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിവാദമായ മദ്യനയത്തിൽ വ്യവസായികളെ സഹായിക്കാനായി എ.എ.പി നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും, ഈ പണം ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.
എന്നാൽ തങ്ങൾക്കെതിരെ അന്വേഷണ ഏജൻസികൾക്ക് തെളിവ് കണ്ടെത്തായില്ലെന്നും വെറും ആരോപണങ്ങൾ മാത്രമാണെന്നും എ.എ.പി നേതാക്കൾ അവകാശപ്പെടുന്നു. ബി.ജെ.പി രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.