കെജ്രിവാൾ ജയിലിൽ വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡിയുടെ ആരോപണം തള്ളി അഭിഭാഷകൻ
text_fields ന്യൂഡൽഹി: ജയിലിൽ വെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രമേഹം കൂട്ടാൻ മനപൂർവം മധുരം കഴിക്കുകയാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം തള്ളി അഭിഭാഷകൻ. കെജ്രിവാളിനായി വീട്ടിൽ നിന്ന് ജയിലിലേക്ക് എത്തിക്കുന്ന ഭക്ഷണം നിർത്താനുള്ള തന്ത്രമാണ് ഇ.ഡിയുടെ ആരോപണത്തിന് പിന്നിലെന്നും അഭിഭാഷകൻ വിവേക് ജെയിൻ പറഞ്ഞു.
ഡോക്ടർമാർ നിർദേശിച്ച ഭക്ഷണം മാത്രമേ കെജ്രിവാൾ കഴിക്കുന്നുള്ളൂ. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ പറഞ്ഞു. കെജ്രിവാൾ ജയിലിൽ വെച്ച് മാങ്ങയും മധുരപലഹാരങ്ങളും മധുരം ചേർത്ത ചായയും കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. അങ്ങനെ പ്രമേഹം കൂട്ടി ജാമ്യം തരപ്പെടുത്താനാണ് കെജ്രിവാളിന്റെ നീക്കമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു.
''ഉയർന്ന തോതിൽ പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി മാങ്ങകൾ കഴിക്കുന്നു, പതിവായി മധുരം കഴിക്കുന്നു. പഞ്ചസാരയിട്ട ചായ കുടിക്കുന്നു...ഇതെല്ലാം ജാമ്യം തേടാനുള്ള തന്ത്രങ്ങളാണ്.''-എന്നാണ് ഇ.ഡിക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ സോഹെബ് ഹുസൈൻ വാദിച്ചത്.
തന്റെ പ്രമേഹ നില സ്ഥിരമായി പരിശോധിക്കണമെന്നും ചികിത്സക്കായി ജയിലിൽ ഡോക്ടറെ അനുവദിക്കണമെന്നുമുള്ള കെജ്രിവാളിന്റെ ഹരജി ഡൽഹി കോടതി നാളെ പരിഗണിക്കും. കെജ്രിവാളിന്റെ ഭക്ഷണക്രമം സംബന്ധിച്ച് കോടതി ജയിൽ അധികൃതരോട് വിശദീകരണം തേടുകയും ചെയ്തു.
മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണുള്ളത്. അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.