ഓക്സിജൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കെജ്രിവാളിന്റെ കത്ത്
text_fieldsന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനങ്ങളോട് സഹായമഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
'ഡൽഹിക്ക് ഓക്സിജൻ നൽകണമെന്ന് അഭ്യർഥിച്ച് എല്ലാ മുഖ്യമന്ത്രിമാർക്കും ഞാൻ കത്തെഴുതുകയാണ്. കേന്ദ്ര സർക്കാർ സഹായിക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത മൂലം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണ്' -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ശനിയാഴ്ച ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ് രോഗികൾ മരിച്ചിരുന്നു. 200 പേരുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡൽഹി മൂൽചന്ദ് ആശുപത്രിയിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സരോജ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഡൽഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ മരിച്ചിരുന്നു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ ഡൽഹിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിനം 20,000 ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 24,331 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 348 പേരാണ് കഴിഞ്ഞ ദിവസം രോഗബാധമൂലം മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.