കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫിനെ വിജിലൻസ് പുറത്താക്കി
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എ.എ.പിക്കും വീണ്ടും തിരിച്ചടി. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്നാരോപിച്ച് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ വിജിലൻസ് ഡിപാർട്മെന്റ് പുറത്താക്കി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ബൈഭവ് കുമാറിനെ നിയമിച്ചത് എന്നാണ് ആരോപണം.
എന്നാൽ പാർട്ടിയുടെ അടിത്തറ തോണ്ടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എ.എ.പി പ്രതികരിച്ചു. 2007 ൽ ഭൈരവിനെതിരെ പൊലീസ് മർദനകേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യം പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോൾ പ്രത്യേകം സൂചിപ്പിച്ചില്ല എന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
മന്ത്രിമാർ കൈകാര്യം ചെയ്യുന്ന ജോലിയുടെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് സ്വഭാവവും മറ്റ് കാര്യങ്ങളും പരിശോധിക്കാതെ അവരുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമനം അനുവദിക്കുന്നത് ഉചിതമല്ല. ഇത് ക്രമക്കേട് മാത്രമല്ല, ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. പൊലീസ് കേസുള്ള വ്യക്തിയെന്ന നിലയിൽ ബൈഭവ് കുമാറിന്റെ നിയമനം ചട്ടലംഘനമാണെന്നും വിജിലൻസ് ഡിപാർട്ട്മെന്റ് വ്യക്തമാക്കി. ഡൽഹിയിൽ ജനാധിപത്യം ചവിട്ടിമെതിക്കുകയാണ് ബി.ജെ.പിയെന്ന് എ.എ.പി നേതാവ് ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.
''മദ്യനയ കേസിൽ അവർ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ലഫ്. ഗവർണർ പുറത്താക്കാൻ തുടങ്ങിയിരിക്കുന്നു. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമം എന്നതിൽ ഒരു തർക്കവുമില്ല. ദേശീയ തലസ്ഥാനത്ത് ജനാധിപത്യം ചവിട്ടിമെതിക്കുകയാണ്.''-ഷാ പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ബൈഭവ് കുമാറിനെ ഒരാഴ്ച മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കെജ്രിവാളിനെ ബൈഭവ് ജയിലിലെത്തി സന്ദർശിച്ചിരുന്നു. എ.എ.പിയിൽ നിന്ന് മന്ത്രിയായിരുന്ന രാജ്കുമാർ ആനന്ദ് രാജിവെച്ചിരുന്നു. പാർട്ടി അംഗത്വമടക്കം ഒഴിഞ്ഞ രാജ്കുമാർ എ.എ.പി അഴിമതിയിൽ മുങ്ങിക്കുളിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. മദ്യനയ കേസിൽ രാജ്കുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പാർട്ടിയെ മുൾമുനയിലാക്കി മന്ത്രിയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.