റേഷൻ വാതിൽപടിക്കൽ: ഡൽഹി സർക്കാറും കേന്ദ്രവും തർക്കത്തിൽ
text_fieldsന്യൂഡൽഹി: കെജ്രിവാൾ സർക്കാറിെൻറ പ്രധാന വാഗ്ദാനങ്ങളിലൊന്നായ റേഷൻ വാതിൽപ്പടിക്കലെത്തിക്കുന്ന പദ്ധതിക്ക് കേന്ദ്രത്തിെൻറ ഉടക്ക്. പദ്ധതിക്ക് 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്നു പേരിട്ടതിനെ തുടർന്ന് കേന്ദ്രം അനുമതി നിഷേധിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാശം കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന സബ്സിഡിയുള്ള റേഷൻ മറ്റു പദ്ധതികളുടെ കീഴിൽ ഇത്തരത്തിൽ വീടുകളിലെത്തിക്കാൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിെൻറ വിശദീകരണം.
എന്നാൽ, പദ്ധതി തടസ്സപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും പേരാണ് പ്രശ്നമെങ്കിൽ അതു മാറ്റുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. മുഖ്യമന്ത്രി എന്ന വാക്ക് ഉപയോഗിക്കുന്നതിനോടാണ് അവർക്കെതിർപ്പ്. ഞങ്ങളിതു ചെയ്യുന്നതു നേട്ടം സ്വന്തമാക്കാനോ പേരു മിനുക്കാനോ അല്ല. അതുകൊണ്ടുതന്നെ പദ്ധതിയുടെ പേര് ഉപേക്ഷിക്കുകയാണ്.
രണ്ടുമൂന്നു വർഷമായി പദ്ധതിക്കുവേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയായിരുന്നു. റേഷൻ മാഫിയയുടെ പിടിയിൽനിന്നു സാധാരണക്കാരനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
അതുകൊണ്ടുതന്നെ കേന്ദ്രം അനുമതി നിഷേധിച്ചപ്പോൾ ഞങ്ങളുടെ ഹൃദയം തകർന്നു. നിസ്സാരമായ കാര്യങ്ങളിൽ തട്ടി പദ്ധതി തടസ്സപ്പെടാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.