രേഖകള്‍ പരിശോധിക്കാതെ വിവാഹങ്ങള്‍ നടത്തുന്നു; ആര്യസമാജത്തിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി
text_fieldsപ്രയാഗ്‍രാജ്: ആര്യസമാജം നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കവെ ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരിയുടെതാണ് ഉത്തരവ്.
''വിവിധ ആര്യസമാജം സൊസൈറ്റികൾ നൽകിയ വിവാഹ സർട്ടിഫിക്കറ്റുകൾ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലുമായി വ്യത്യസ്ത നടപടികളിൽ ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് കോടതി നിറഞ്ഞിരിക്കുകയാണ്. പ്രസ്തുത സ്ഥാപനം അവരുടെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്ത് രേഖകള്‍ പോലും പരിശോധിക്കാതെ വിവാഹങ്ങള്‍ നടത്തുകയാണെന്നും'' കോടതി നിരീക്ഷിച്ചു.
തന്‍റെ ഭാര്യയെ വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് ഭോല സിംഗ് എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹിതരാണെന്ന് തെളിയിക്കാന്‍ ഗസിയാബാദ് ആര്യ സമാജ് മന്ദിറിലെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്. വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ, ഈ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം കക്ഷികൾ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരനെതിരെ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുകയാണെന്നും നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
ആര്യസമാജം നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നല്‍കാനാകില്ലെന്ന് സുപ്രിംകോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യസമാജത്തിന്റെ ജോലിയും അധികാരപരിധിയും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കലല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. യോഗ്യതയുള്ള അധികാരികള്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയൂവെന്നും കോടതി പറഞ്ഞു.
മധ്യപ്രദേശിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം ഉണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനെതിരെ യുവാവ് നല്‍കിയ ഹരജിയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരവും അവകാശപ്രകാരവുമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു. ആര്യ സമാജ് മന്ദിറില്‍ വച്ചായിരുന്നു വിവാഹമെന്ന് വ്യക്തമാക്കിയ യുവാവ് കേന്ദ്ര ഭാരതീയ ആര്യപ്രതിനിധി സഭ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
1875 ല്‍ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ഹിന്ദു പരിഷ്‌കരണവാദ സംഘടനയാണ് ആര്യ സമാജം. ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളര്‍ന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.