ആര്യൻ ഖാൻ കേസ് അന്വേഷണത്തിൽ വ്യാപക ക്രമക്കേട്; എൻ.സി.ബിയെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര റിപ്പോർട്ട്
text_fieldsമുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഢംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
ഏജൻസിയിലെ എട്ട് ഉദ്യോഗസ്ഥർ കേസിൽ സംശയാസ്പദമായ നിലയിൽ ഇടപെട്ടതായും റിപ്പോർട്ടിലുണ്ട്. ഏജൻസിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോർട്ട്. കഴിഞ്ഞ മേയിൽ കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകിയ എൻ.സി.ബി, ആര്യൻ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ ആറു പേർക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ആര്യൻ ഖാൻ കേസ് കൈകാര്യം ചെയ്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്യായ ഇടപെടൽ നടന്നോ എന്ന് അന്വേഷിക്കാൻ എൻ.സി.ബി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയത്. കേസ് അന്വേഷണത്തിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായും അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധി സംശയനിഴലിലാണെന്നും ഏൻജിസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി 65 പേരുടെ മൊഴിയെടുത്തു. ഇതിൽ പലരും മൊഴികൾ ഒന്നിലധികം തവണ മാറ്റി പറഞ്ഞു. മറ്റു കേസുകളിലും വീഴ്ചയുണ്ടാതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു-എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംശയനിഴലിലുള്ളത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് ബന്ധപ്പെട്ടവർ അനുമതി തേടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരായിരുന്നു കേസിലെ പ്രതികൾ. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.