ആര്യന് വേണമെങ്കിൽ കപ്പൽ തന്നെ വാങ്ങാൻ സാധിക്കും, പിന്നെന്തിന് മയക്കുമരുന്ന് വിൽക്കണം -അഭിഭാഷകൻ
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാൻ പ്രത്യേക ക്ഷണിതാവായാണ് കപ്പലിലെത്തിയതെന്ന് അഭിഭാഷകൻ. ബോളിവുഡിൽ നിന്നുള്ള അംഗമെന്ന നിലയിൽ പാർട്ടി സംഘാടകർ ആര്യനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ സതീഷ് മനേഷിൻഡെ കോടതിയിൽ പറഞ്ഞു. കപ്പലിൽ ചെന്ന് ലഹരിമരുന്ന് വിൽക്കേണ്ട ആവശ്യം ആര്യനില്ല. വേണമെങ്കിൽ കപ്പൽ തന്നെ വാങ്ങാൻ സാധിക്കുന്നയാളാണ് ആര്യനെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ, ആര്യന് രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നുമാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടത്. ഒക്ടോബർ ഏഴ് വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആര്യനെ കൂടാതെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍ മുണ്‍ ധമേച്ച എന്നീ പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.
പണം അടച്ച് ആര്യന്‍ കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ബോർഡിങ് പാസ് പോലുമില്ലായിരുന്ന ആര്യന് കപ്പലില്‍ കാബിനോ സീറ്റോ ഉണ്ടായിരുന്നില്ലെന്നും അവന്‍റെ കൈയ്യില്‍ നിന്ന് ഒന്നും കണ്ടെത്താനുമായിട്ടില്ലെന്നും ആര്യന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വെറും ചാറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ആര്യനെ അറസ്റ്റ് ചെയ്തതത്.
ആര്യൻ ഖാന്‍റെ ചില സുഹൃത്തുക്കളെ മയക്കുമരുന്ന് കണ്ടെത്താത്തതിനെത്തുടർന്ന് പോകാൻ അനുവദിച്ചു. എന്നാൽ ആര്യന്‍റെ മൊബൈൽ ഫോൺ എൻ.സി.ബി കസ്റ്റഡിയിലെടുത്ത് മുംബൈയിലെ ഓഫിസിൽ കൊണ്ടുവന്നു. പ്രതികളിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിട്ടുണ്ടെങ്കിൽ അത് ആര്യനെ ബാധിക്കുന്നതല്ലെന്നും അഭിഭാഷകൻ വാദിച്ചു.
പഠനത്തിനായി വിദേശത്തായിരുന്ന ആര്യൻ ഖാൻ നാല് ആഴ്ച മുമ്പാണ് തിരികെയെത്തിയത്. വളരെ ഗുരുതരമായ ആരോപണമാണ് എൻ.സി.ബി ആര്യനെതിരെ ഉന്നയിക്കുന്നത്. എന്നാൽ, അതിന് ബലമേകുന്ന തെളിവുകളും നൽകേണ്ടതുണ്ട്. ആര്യന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചാറ്റുകൾ കോടതി പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.