ആര്യന്‍ ഖാന് ജയിൽ ഭക്ഷണം ഇഷ്ടമല്ല; പാർപ്പിച്ചിരിക്കുന്നത് കൂട്ടുപ്രതികൾക്കൊപ്പമല്ലെന്നും റിപ്പോർട്ട്
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ (മുംബൈ സെൻട്രൽ ജയിൽ) കഴിയുന്ന ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന്‍ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അസ്വസ്ഥനാണെന്നും ജയിൽ അധികൃതരെ ഉദ്ദരിച്ച് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു. ആര്യന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ പൂർത്തിയായെങ്കിലും വിധി പറയുന്നത് ജഡ്ജി വി.വി. പാട്ടീൽ ഈമാസം 20ലേക്ക് മാറ്റിയിരുന്നു. ക്വാറന്‍റീൻ കഴിയുക കൂടി ചെയ്ത സാഹചര്യത്തിൽ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഡംബര കപ്പൽ ലഹരി മരുന്ന് കേസിലെ പ്രതികളെ വേറേ വേറേ സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആര്യനടക്കമുള്ള പ്രതികളെ ബുധനാഴ്ച വരെ ക്വാറന്‍റീൻ സെല്ലിൽ ആണ് പാർപ്പിച്ചിരുന്നത്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇവരെ സാധാരണ സെല്ലുകളിലേക്ക് മാറ്റി. ജാമ്യഹരജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചതിനാൽ ഈമാസം 20വരെ ആര്യൻ ജയിലിൽ കഴിയേണ്ടി വരും. അതിനിടെ, ആര്യൻ ഖാൻ ജയിലിൽ തടവുകാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിനോട് വിമുഖത കാട്ടുകയാണെന്ന് നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജയിൽ കാന്‍റീനിൽ നിന്ന് വാങ്ങുന്ന ഭക്ഷണവും ബിസ്കറ്റും വെള്ളവുമാണ് ആര്യൻ കഴിക്കുന്നത്.
ആര്യന്‍റെ പേരിൽ ജയിലിലേക്ക് മണിയോർഡറുകൾ ധാരാളം വരുന്നുണ്ട്. ഇത് ആര്യന്‍റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ചാണ് കാന്‍റീനിൽ നിന്ന് ഭക്ഷണം വാങ്ങുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു. ജയിലില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുകയുമില്ല. വീട്ടിൽ നിന്ന് കൊടുത്തുവിടുന്ന വസ്ത്രമാണ് ആര്യൻ ജയിലിനുള്ളിൽ ധരിക്കുന്നത്. ഉന്നതനിലവാരത്തില്‍ ജീവിച്ചിരുന്ന ആര്യന്‍ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആർതർ റോഡ് ജയിലിലെ നിയമം അനുസരിച്ച് രാവിലെ ആറിന് ഉണരണം. ഏഴുമണിക്ക് ഷീര, പോഹ എന്നിവ പ്രഭാത ഭക്ഷണമായി നൽകും. ഉച്ചക്ക് 11നും വൈകീട്ട് ആറിനും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവയും ലഭിക്കും. അതിനുശേഷം ബാരക്കുകൾ അടക്കും. ഉച്ചകഴിഞ്ഞ് അൽപസമയം മാത്രമാണ് ജയിലിനുള്ളിലെ തുറന്ന സ്ഥലത്തുകൂടി നടക്കുവാൻ അനുവാദമുള്ളത്. ജയിൽ അധികൃതർ മുഴുവൻ സമയവും ആര്യനെ നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.
ആര്യൻ ഖാൻ 20വെര ജയിലിൽ കഴിയണം; സാധാരണ സെല്ലിലേക്ക് മാറ്റി
മുംബൈ: മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ദസറ അവധിക്കുശേഷം ഈമാസം 20ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി വി.വി. പാട്ടീൽ അറിയിച്ചു. അതുവരെ ആര്യൻ ഖാൻ ജയിലിൽ കഴിയണം. അതിനിടെ, ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റി.
വാട്സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകൾ ആണെന്നും ആര്യൻ ഖാന് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. 'ഇത് തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്. അത് നിഷേധിക്കുന്നതിലൂടെ ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കരുത്. അന്വേഷണത്തിന് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. ഈ കേസിൽ ഒരുപാട് കാര്യങ്ങൾ ഇനിയും പരിഗണിക്കാനുണ്ട്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇത്. ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ് ഇേപ്പാൾ നടക്കുന്നത്' -അമിത് ദേശായി വാദിച്ചു. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകൻ വാദിച്ചിരുന്നു. പരിശോധന നടക്കുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ ചെക്-ഇൻ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യൻ ഖാന്‍റെ കയ്യിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ആര്യൻ ഖാൻ കൈയിൽ പണം കരുതിയിരുന്നില്ല. അതിനാൽ തന്നെ ലഹരിമരുന്ന് വാങ്ങാൻ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം, ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് എൻ.സി.ബി പിന്നീട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ഇതോടെയാണ് ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേഥ് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.
ആര്യനെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവും ശക്തമാണ്. മഹാരാഷ്ട്രയിലെ എൻ.സി.പി മന്ത്രി നവാബ് മാലിക് ഉൾപ്പെടെ ഇത്തരമൊരു ആരോപണമാണ് ഉന്നയിച്ചത്. കപ്പലിലെ പരിശോധനയിൽ എൻ.സി.ബിയോടൊപ്പം ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലിയും സ്വകാര്യ ഡിറ്റക്ടീവായ കെ.പി. ഗോസാവിയും പങ്കെടുത്തിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. എന്നാൽ, ഇവർ ഇരുവരും സാക്ഷികളാണെന്നാണ് എൻ.സി.ബി അവകാശപ്പെടുന്നത്. എന്‍.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂനെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ ഗോസാവി ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.