ആര്യൻ ഖാന് ജാമ്യം ലഭിക്കാൻ അഭിഭാഷകർ ഉന്നയിച്ച വാദങ്ങൾ ഇതാണ്
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതിയിൽ ഉയർത്തിയ വാദമുഖങ്ങളെ സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന അഭിഭാഷകൻ സതിഷ് മനെഷിണ്ഡേ. കോടതിയിൽ ആര്യൻ ഖാന് വേണ്ടി വാദിച്ച ഷിണ്ഡേ താരപുത്രനെതിരെ വ്യാജ കേസാണ് എടുത്തിട്ടുള്ളതെന്നും പറഞ്ഞു.
ആര്യൻ ഖാനെ അറസ്റ്റ് ചെയ്യാൻ മാത്രം ശക്തമായ കേസല്ല ഇത്. 20 ദിവസമായി ആര്യൻ ജയിലിലാണ്. ഒരു കുടുംബവും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകരുത്. വാറണ്ടില്ലാത്തതും നിയമവിരുദ്ധവുമായ അറസ്റ്റാണ് നടന്നത്. ഞങ്ങളുടെ വാദങ്ങൾ കോടതി അന്തിമമായി അംഗീകരിച്ചു. ആര്യൻ ഖാന്‍റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നില്ല. ഒരു തെളിവും ഇല്ലാതെയാണ് ആര്യനെതിരെ കേസെടുത്തത്. വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി പരിഗണിക്കാനാവില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ആര്യനെ വിശദമായി പരിശോധിച്ചുവെങ്കിലും എൻ.സി.ബിക്ക് ഒന്നും കണ്ടെത്താനായില്ല. കപ്പലിൽ മയക്കുമരുന്ന് ഉപയോഗിച്ചവരുമായി ആര്യനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആര്യൻ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഇനിയും വ്യക്തമല്ല. ആര്യനെ മാത്രം ഉദ്യോഗസ്ഥർ ലക്ഷ്യംവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതിയിൽ നിന്ന് പരാമർശങ്ങൾ പുറത്ത് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താം. കൂട്ടുകാർക്കൊപ്പം കപ്പലിൽ യാത്രക്ക് പോയ മകൻ ദിവസങ്ങൾക്ക് ശേഷം മടങ്ങി വരുമെന്നാണ് ഇവിടെയൊരു കുടുംബം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മണിക്കൂറുകൾക്കകം മകൻ അറസ്റ്റിലായെന്ന വാർത്തയാണ് അവരെ തേടിയെത്തിയത്.
ബോളിവുഡ് നടി റിയ ചക്രബർത്തി പ്രതിയായ മയക്കുമരുന്ന് കേസിലും സതിഷ് മനെഷിണ്ഡേയാണ് കോടതിയിൽ ഹാജരായത്. റിയയുടെ കേസിൽ ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.