പശുഗുണ്ടകൾ കൊന്ന ആര്യന്റെ പിതാവ് ചോദിക്കുന്നു: ‘വെടിവെച്ച് കൊല്ലാൻ ഈ പശുസംരക്ഷകർക്ക് ആരാണ് അവകാശം നൽകിയത്?’
text_fieldsഫരീദാബാദ്: ‘എൻ്റെ മകനായ ആര്യൻ മിശ്രയെ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ അനിൽ കൗശിക് പൊലീസിനോട് പറഞ്ഞത്. അവൻ പറഞ്ഞത് ശരിയാണെന്ന് തന്നെ വെക്കൂ. എങ്കിൽ, ആരെയെങ്കിലും വെടിവെച്ച് കൊല്ലാൻ ഈ ‘പശുസംരക്ഷകർക്ക്’ ആരാണ് അവകാശം നൽകിയത്? എന്റെ മകൻ ഇനി തിരിച്ചുവരില്ലെന്ന് അറിയാം. പക്ഷേ ഈ കാര്യം ഗൗരവമായി അന്വേഷിക്കണം..’ -ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് സംശയിച്ച് ഗോരക്ഷ ഗുണ്ടകൾ വെടിവെച്ചുകൊന്ന ആര്യൻ മിശ്രയുടെ (19) പിതാവ് സിയാനന്ദ് മിശ്ര ചോദിക്കുന്നു. ആഗസ്റ്റ് 23ന് അർധരാത്രി നടന്ന സംഭവത്തിൽ അനിൽ കൗശിക് അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
‘‘ആര്യൻ തനിച്ചായിരുന്നില്ല, അവന്റെ കൂടെ കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേൽക്കാതിരുന്നത് എന്തുകൊണ്ടാണ്? മകനൊപ്പമുണ്ടായിരുന്ന തന്റെ വീട്ടുടമസ്ഥന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷയത്തിൽ കൂടുതൽ പറയാനുണ്ടാവും. പ്രതികളെ പിടികൂടിയതിൽ ഞാൻ സന്തുഷ്ടനാണ്. പൽവാലിലേക്ക് എന്റെ മകനെ കാറിൽ കൊണ്ടുപോയത് സുജാത ഗുലാത്തിയും മക്കളായ ഹർഷിതും ഷങ്കി ഗുലാത്തിയുമാണ്. ഷങ്കി വധശ്രമക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് മറ്റു ചിലരുമായി തർക്കവുമുണ്ട്. മകനെ ഗോരക്ഷ ഗുണ്ടകളാണ് വെടിവെച്ചതെങ്കിൽ അവർക്ക് ആരാണ് അതിന് നിർദേശം നൽകിയത്?’’ സിയാനന്ദ് മിശ്ര ചോദിക്കുന്നു.
ഇനി ഫരീദാബാദിൽ നിൽക്കുന്നില്ല. ജന്മനാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യൻ മിശ്രക്ക് നീതിതേടി വാട്സ്ആപ് ഗ്രൂപ്
ഫരീദാബാദ്: ആര്യൻ മിശ്രയുടെ കൊലപാതകത്തിൽ നീതിതേടി സഹോദരൻ തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിന് വൻ പ്രതികരണം. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഗ്രൂപ്പിൽ ആയിരത്തിലേറെ പേർ അംഗങ്ങളാണ്. അതേസമയം, പശുക്കളെ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനാലാണ് ആര്യൻ മിശ്രയുടെ കാർ പിന്തുടർന്നതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഡൽഹി- ആഗ്ര ദേശീയപാതയിൽ 30 കിലോമീറ്റർ പിന്തുടർന്നായിരുന്നു ആര്യനെ വെടിവെച്ചുകൊലപ്പെടുത്തിയത്. സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഭയന്ന കുട്ടികൾ നിർത്താതെ പോവുകയായിരുന്നു.
അതേസമയം, വിദ്വേഷ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഗോരക്ഷ ഗുണ്ടകൾ പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ വെടിവെച്ചുകൊന്നതെന്നും ഇത് നാണക്കേടാണെന്നും രാജ്യസഭാംഗം കപിൽ സിബൽ പറഞ്ഞു. ഇതേക്കുറിച്ച് പ്രധാനമന്ത്രിയോ ഉപരാഷ്ട്രപതിയോ ആഭ്യന്തര മന്ത്രിയോ പ്രതികരിക്കുമോ എന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.