രോഷവും സങ്കടവുമടങ്ങാതെ ഉമയും സിയാനന്ദും; മുസ്ലിമാണെങ്കിൽ ആരെയും കൊല്ലാമെന്നോ
text_fieldsന്യൂഡൽഹി: ‘മുസ്ലിമാണെന്നു കരുതി എന്റെ മകനെ കൊന്നു എന്നാണ് അവർ പറഞ്ഞത്. മുസ്ലിമാണെങ്കിൽ ആരെയും കൊല്ലാമെന്നാണോ? കൊല്ലപ്പെട്ട എല്ലാ അമ്മമാരുടെയും വേദന എനിക്ക് മനസ്സിലാകുന്നു. ആര്യന് നീതികിട്ടണം. ഇനിയൊരമ്മക്കും ഈ ഗതി വരരുത്.’ ഫരീദാബാദിൽ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്ന 19കാരൻ ആര്യൻ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ രോഷവും സങ്കടവും ഇനിയുമടങ്ങിയിട്ടില്ല. തന്നെ വന്നു കണ്ട യൂത്ത് ലീഗ് ദേശീയ പ്രതിനിധിസംഘത്തിന് മുന്നിലിരുന്ന് മകന്റെ സർട്ടിഫിക്കറ്റുകൾ ചേർത്തുപിടിച്ച് ആ അമ്മ വിതുമ്പി.
ഫരീദാബാദിലെ ടോൾ ഗേറ്റിനടുത്ത് ബജ്റംഗ് ദൾ നേതാവ് അനിൽ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പിന്തുടർന്ന് മുൻ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഉമ പറഞ്ഞു. ബ്രഹ്മഹത്യ നടത്തിയതിൽ ഖേദമുണ്ടെന്നും മുസ്ലിമാണെന്നുകരുതി നിറയൊഴിച്ചതാണെന്നുമാണ് കൗശിക് പിന്നീട് ഭർത്താവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത്. ബ്രഹ്മഹത്യ മാത്രമല്ല, നരഹത്യയെല്ലാം പാപമാണെന്ന് താൻ അയാളോട് പറഞ്ഞുവെന്ന് സിയാനന്ദ് മിശ്ര പറഞ്ഞു.
മുസ്ലിം കച്ചവടക്കാരന്റെ സഹായിയായി ദീർഘകാലം ജോലി ചെയ്തവനാണ് ഞാൻ. കണ്ടാൽ ‘പണ്ഡിറ്റ്ജി’ എന്ന് വിളിച്ച് അടുത്തെത്തുന്ന ധാരാളം മുസ്ലിം സുഹൃത്തുകൾ എനിക്കിവിടെയുണ്ട്. ഹിന്ദു മതത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ദാരുണ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടാകണം. പൊലീസ് അന്വേഷണം തൃപ്തികരമല്ല. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ലോക്കൽ പൊലീസിന് അന്വേഷണത്തിൽ വേണ്ടത്ര താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്പോർട്സിലും മിടുക്കനായിരുന്ന ആര്യനെന്ന് അവന്റെ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മെഡലുകളും ഓരോന്നായി കാണിച്ച് ഉമ പറഞ്ഞു. പ്ലസ് ടു മുതൽ പാർട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ആര്യൻ. കടുത്ത പ്രമേഹ രോഗിയാണ് സിയാനന്ദ് മിശ്ര. ഉമയും മക്കൾ ഇരുവരും ജോലി ചെയ്താണ് വീട്ടുവാടകയും മറ്റ് ചെലവുകളും നടത്തുന്നത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ. ശാക്കിർ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ഹരിയാന യൂത്ത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈൻ, അഡ്വ. അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗധരി എന്നിവരും യൂത്ത് ലീഗ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.