തൃണമൂലിനെ ബി.ജെ.പിയുമായി സമീകരിച്ചത് ബംഗാളിൽ തിരിച്ചടിയായെന്ന് സി.പി.എം; നയംമാറ്റമെന്ന് സൂചന
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ബി.ജെ.പിയുമായി സമീകരിച്ചത് പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലിൽ സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ജൂലൈ ഏഴിന് നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ബി.ജെ.പിക്ക് സമമായി തൃണമൂലിനെ കണ്ടത് അബദ്ധമായിരുന്നുവെന്ന് ഏറ്റുപറഞ്ഞത്. സി.പി.എമ്മിന്‍റെ നയംമാറ്റമാണ് പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മറ്റൊരു പാർട്ടിയെയും ബി.ജെ.പിയുമായി സമീകരിക്കാനാകില്ലെന്നത് 22 വർഷം മുമ്പ് സി.പി.എം കൈക്കൊണ്ട തീരുമാനമായിരുന്നെന്ന് സൂര്യകാന്ത് മിശ്ര പറയുന്നു. ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസാണ് ബി.ജെ.പിക്ക് പിന്നിൽ എന്നതുകൊണ്ടാണ് ഈ നിലപാട്. ഇത് പലപ്പോഴും ആവർത്തിച്ചിട്ടുമുണ്ട്. കോൺഗ്രസിനെയോ തൃണമൂൽ കോൺഗ്രസിനെയോ പോലും ബി.ജെ.പിക്ക് സമമായി കാണാനാകില്ല. എന്നിട്ടും, ജനങ്ങളുമായി സംവദിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്ക് തുല്യരാണെന്ന ധാരണ ഞങ്ങൾ പലപ്പോഴും നൽകി -അദ്ദേഹം പറയുന്നു. ഇത് പാർട്ടി പ്രവർത്തകരിലും പിന്തുണക്കുന്നവരിലും ആശയക്കുഴപ്പമുണ്ടാക്കി.
ബി.ജെ.പിയാണ് പ്രധാന ശത്രു. ബി.ജെ.പിയും തൃണമൂലും തമ്മിൽ ധാരണയുണ്ടെന്ന് സി.പി.എം ആരോപിച്ചത് പിഴവായിരുന്നു. ബി.ജെ.പിയാണ് പാർട്ടിയുടെ പ്രധാന ശത്രു -പൊളിറ്റ്ബ്യുറോ അംഗം കൂടിയായ മിശ്ര പറഞ്ഞു.
ബംഗാൾ നേതാക്കൾ ഇത്രയും കാലം ആവർത്തിച്ച നിലപാടിന് വിരുദ്ധമാണ് മിശ്രയുടെ പ്രസ്താവന. ബി.ജെ.പിയെക്കാൾ, തങ്ങളുടെ പതിറ്റാണ്ടുകളായുള്ള കുത്തക തകർത്ത തൃണമൂലിനെയാണ് ബംഗാളിൽ സി.പി.എം പ്രധാന ശത്രുവായി കരുതിയിരുന്നത്. തൃണമൂലിനെ പ്രധാന എതിരാളിയായി കാണുന്നതിലൂടെ സി.പി.എം, ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് സി.പി.ഐ.(എം.എൽ), എസ്.യു.സി.ഐ തുടങ്ങിയ ഇടത് പാർട്ടികൾ നേരത്തെ തന്നെ വിമർശനമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.