തേജസ്വി യാദവിനെതിരെ ബി.ജെ.പി പടപ്പുറപ്പാട്; ആർ.ജെ.ഡിക്ക് പിന്നിലുറച്ച് നിതീഷ് കുമാർ
text_fieldsപട്ന: ആർ.ജെ.ഡിക്ക് ജനത ദൾ യുനൈറ്റഡിന്റെ പൂർണ പിന്തുണയുണ്ടെന്ന സൂചനയുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും പരിസ്ഥിതി മന്ത്രി തേജ് പ്രതാപിനുമൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിലെത്തി. തേജസ്വിക്കും ലാലു പ്രസാദ് യാദവിനുമെതിരെ ജോലിക്കു പകരം ഭൂമി കുംഭകോണക്കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.തുടർന്ന് തേജസ്വിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി നിതീഷ് കുമാർ ആർ.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പിയുടെ ഭീഷണി വകവെക്കാതെ ഒരേ വാഹനത്തിലാണ് നിതീഷ് കുമാർ തേജസ്വിക്കും തേജ് പ്രതാപിനുമൊപ്പം സഭയിലെത്തിയത്. ലാലു പ്രസാദ് യാദവ് 2004ൽ കേന്ദ്രറെയിൽവേ മന്ത്രിയായിരുന്നപ്പോഴായിരുന്നു അഴിമതി നടന്നത്.
വർഷകാല സമ്മേളനം ആരംഭിച്ചതോടെ പിന്നോട്ടില്ലെന്ന് ബി.ജെ.പിയും സന്ദേശം നൽകി. സ്പീക്കർ അവദ് ബിഹാർ ചൗധരി തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചയുടൻ ബി.ജെ.പി ചീഫ് വിപ്പ് ജനക് സിംഗ് നേതൃത്വത്തിലാണ് ആക്രമണം തുടങ്ങിയത്. മുതിർന്ന ബി.ജെ.പി നേതാവ് തന്റെ അനുമതിയില്ലാതെ സംസാരിച്ചതിനെ ചൗധരി എതിർക്കുകയും നിയമസഭ ലിസ്റ്റുചെയ്ത അജണ്ടയിൽ ഉറച്ചുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കുറ്റപത്രം നൽകിയ ഉപമുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ മുദ്രാവാക്യം വിളിക്കുന്നത് തുടർന്നു. ബഹളത്തിനിടയിൽ, ധനമന്ത്രി വിജയ് കുമാർ ചൗധരി 2023-24 ലെ ആദ്യ സപ്ലിമെന്ററി ബജറ്റ് 43774.75 കോടി രൂപയ്ക്ക് അവതരിപ്പിച്ചു, തടസങ്ങൾ കാരണം നിയമസഭ പിരിഞ്ഞു. സഭക്കു പുറത്ത് തേജസ്വി യാദവിനെതിരെ ബി.ജെ.പി പ്രചാരണം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.