അതീതീവ്രതയോടെ യാസ് ഒഡിഡ തീരത്തേക്ക്; ഭീതിയിൽ ഒഡിഷയും ബംഗാളും
text_fieldsകൊൽക്കത്ത: അതിതീവ്രതയാർജിച്ച് അതിവേഗം ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾ ലക്ഷ്യമിട്ട് നീങ്ങുന്ന യാസ് ചുഴലിക്കൊടുങ്കാറ്റ് ഉച്ചയോടെ ഒഡിഷയിലെ ചാന്ദ്ബാലി- ധംറ തുറമുഖത്തിനടുത്ത് തീരം തൊടുമെന്ന് കാലാവസ്ഥ വിഭാഗം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അതിതീവ്രത കൈവരിച്ച യാസ് അപകടം വിതച്ചേക്കാവുന്ന മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കൽ തുടരുകയാണ്. ഇതുവരെ 30 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുന്നോടിയായി അടിച്ച ശക്തമായ കാറ്റിലും മഴയിലും ബംഗാളിൽ രണ്ടുപേർ വൈദ്യുതി ആഘാതമേറ്റ് മരിച്ചു. 80 വീടുകൾ തകർന്നു.
തീരം തൊടുേമ്പാൾ 155-165കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്. 185 വരെ ഉയർന്നേകാകം. ചാന്ദ്ബാലിയിൽ നിലംതൊട്ട് ആറു മണിക്കൂർ നാശനഷ്ടങ്ങൾ കൂടിയേക്കും. വലിയ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകുന്നത് അപകട സാധ്യത ഉയർത്തുമെന്ന ഭീഷണിയുണ്ട്. നാശനഷ്ടം കൂടുതൽ സംഭവിച്ചേക്കുക ചാന്ദ്ബാലിയിലായേക്കാമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര പറഞ്ഞു.
അപകട സാധ്യത കൂടുതലായേക്കാവുന്ന ഒഡിഷയിൽ ജഗത്സിങ്പൂർ, കെന്ദ്രപര, ഭദ്രക്, ബാലസോർ ജില്ലകളിലാണ് രക്ഷാ പ്രവർത്തനം അടിയന്തരാടിസ്ഥാനത്തിൽ നടത്തുന്നത്. 15 ജില്ലകളിൽ ഒഴിപ്പിക്കൽ തുടരുന്നുണ്ട്. രണ്ടു മുതൽ നാലു വരെ മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ മെഡിനിപൂർ, ബാലസോർ, ഭദ്രക് ജില്ലകളിൽ തീരദേശങ്ങൾ ജാഗ്രതയിലാണ്.
ബംഗാളിൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു. ബംഗാളിൽ മാത്രം അഞ്ചു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.
ഹൂഗ്ളിയിലും നോർത്ത് 24 പർഗാനാസിലും ചൊവ്വാഴ്ച അടിച്ചുവീശിയ കാറ്റിലും മഴയിലും രണ്ടു പേർ മരിച്ചു. 80 വീടുകൾ തകർന്നു.
യാസ് ആഞ്ഞടിച്ച് 18 മണിക്കൂർ വരെ ശക്തി നിലനിർത്തിയ ശേഷം ദുർബലമാകുമെന്നാണ് കണക്കുകൂട്ടൽ.
രക്ഷാപ്രവർത്തനങ്ങൾക്കായി 1700 സൈനികരെയും ദേശീയ ദുരന്ത നിവാരണ സേനയിലെ 115 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കഴിഞ്ഞയാഴ്ചയാണ് ടോക്ടേ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ബാർജ് മുങ്ങി നിരവധി പേർ മരിച്ചിരുന്നു. ഇത്തവണ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ ഭീകരാവസ്ഥ പ്രാപിക്കുമെങ്കിലും ഝാർഖണ്ഡും ബിഹാറും ആന്ധ്രപ്രദേശും മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.