കർഷക പ്രതിഷേധം നേരിടുന്ന പൊലീസുകാർക്ക് ഭക്ഷണം വിളമ്പി കർണാലിലെ ഗുരുദ്വാര
text_fieldsകർണാൽ: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ കർഷകരും പൊലീസും ഏറ്റുമുട്ടുന്നതിനിടയിൽ, ഹരിയാനയിലെ കർണാലിൽ നിന്ന് പുറത്തുവിട്ട ഹൃദയസ്പർശിയായ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കർണാലിലെ കർഷക പ്രതിഷേധം തടയാൻ നിൽക്കുന്ന െപാലീസുകാർക്ക് സിഖ് ഗുരുദ്വാരയുടെ ലങ്കാറിൽ നിന്നും (സമൂഹ അടുക്കള) ഭക്ഷണം നൽകുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
കർണാലിൽ നിന്നും കിലോമീറ്ററുകൾ അകലെ നിന്ന് കർഷകർ ലാത്തി ചാർജും ജലപീരങ്കിയും ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കെയാണ്, മനുഷ്യത്വവും സഹാനുഭൂതിയും അടിവരയിടുന്ന മറ്റൊരു വിഡിയോ പ്രചരിക്കുന്നത്.
ദേശീയപാത ഒന്നിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയാണ് പൊലീസുകാർക്ക് ഭക്ഷണം നൽകിയത്. ദൃശ്യത്തിൽ
യൂണിഫോം ധരിച്ച ഡസൻ കണക്കിന് പൊലീസുകാർ രണ്ട് വരികളായി പരസ്പരം അഭിമുഖമായി ഇരിക്കുന്നതും ലങ്കറിലെ സന്നദ്ധപ്രവർത്തകർ ഭക്ഷണം വിളമ്പുന്നതും കാണാം. പൊലീസുകാർ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനരികെ ലാത്തിയും ഷീൽഡും വെച്ചിരിക്കുന്നത് കാണാം.
കനാലിന് മുകളിലുള്ള മേൽപ്പാലത്തിലാണ് പൊലീസുകാർ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത്. 70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കൂടുതൽ പൊലീസുകാർ വാഹനങ്ങളിൽ നിന്നിറങ്ങി ഭക്ഷണം കഴിക്കാൻ എത്തുന്നത് കാണാം. ചില പൊലീസുകാർ സുരക്ഷാ ജാക്കറ്റ് ഊരി അതിലാണ് ഇരിക്കുന്നത്. ഭക്ഷണത്തിന് ചിലർ ഉറക്കെ നന്ദി പറയുന്നുണ്ട്. പാലത്തിന് താഴെ പാർക്ക് ചെയ്തിരിക്കുന്ന പൊലീസ് വാനുകളും ദൃശ്യത്തിൽ വ്യക്തമാണ്.
ഒരുതരത്തിലുള്ള വിവേചനവുമില്ലാതെ സൗജന്യ ഭക്ഷണം വിളമ്പുന്നതിലും ആതിഥ്യമര്യാദയിലും പ്രശസ്തമാണ് സിഖ് ഗുരുദ്വാരകൾ.
ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തികൊണ്ടിരിക്കെയാണ്. കർഷകരെ തടയാൻ ലാത്തി ചാർജ്, കണ്ണീർ വാതകം, ജലപീരങ്കികൾ എന്നിവ പ്രയോഗിക്കാൻ ഹരിയാന പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത ശൈത്യത്തെ അവഗണിച്ചാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.