ജോഷിമഠിൽ വീടുകളിലെ വിള്ളൽ: ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി, മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കും
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയും വീടുകളും വിണ്ടുകീറുന്നതും ഇടിഞ്ഞു വീഴുന്നതും തുടരുന്നതിനിടെ ഉത്തരാഖണ്ഡണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രദേശം സന്ദർശിക്കും. ശനിയാഴ്ചയായിരിക്കും അദ്ദേഹം ജോഷിമഠിലെത്തുക. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ഉന്നതതല യോഗം നടക്കും. ദുരന്തനിവാരണ മാനേജ്മെന്റ്, ജലവിഭവം, ആഭ്യന്തര വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമേ ഗർവാൽ മണ്ഡൽ കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റും യോഗത്തിനെത്തും.
ജോഷിമഠിലെ 561 വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതുവരെ 66 കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. അതേസമയം, വിള്ളലിനെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഉത്തരാഖണ്ഡ് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രാത്രികാല അഭയാർഥി കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. സുരക്ഷിതകേന്ദ്രങ്ങളിലേക്ക് തങ്ങളെ മാറ്റണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരുന്നു.
ജോഷിമഠിൽ വീടുകളിൽ വിള്ളൽ വീഴുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക ശാസ്ത്രസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം സ്ഥലം സന്ദർശിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കും.
ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ദിവസം കഴിയുംതോറും വലുതായി വരികയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.