നിതീഷിന്‍റെ കാര്യത്തിൽ എൻ.ഡി.എക്കും ഉറപ്പില്ല; തേജസ്വിയോടൊപ്പം ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്, ഇന്ന് നിർണായക നീക്കങ്ങൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാതായതോടെ സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക ചെറുകക്ഷികളുടെ തീരുമാനങ്ങൾ. 12 സീറ്റ് നേടിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി(യു) നിലവിൽ എൻ.ഡി.എ സഖ്യത്തോടൊപ്പമാണെങ്കിലും സഖ്യത്തിൽ ഉറച്ചുനിൽക്കുമോയെന്നതിൽ ബി.ജെ.പിക്കും ഉറപ്പില്ല. ഇൻഡ്യ സഖ്യം നിതീഷിനെ വിളിച്ച് പിന്തുണ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ എൻ.ഡി.എയുടെയും ഇൻഡ്യയുടെയും നിർണായക യോഗങ്ങൾ നടക്കും.
അതിനിടെ, ആർ.ജെ.ഡി നേതാവും ഇൻഡ്യ മുന്നണിയിലെ പ്രധാനിയുമായ തേജസ്വി യാദവും നിതീഷ് കുമാറും ഒരുമിച്ചാണ് ഡൽഹിയിലേക്ക് പുറപ്പെടുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും ഒരേ വിമാനത്തിൽ ഡൽഹിക്ക് പറക്കുമെന്നാണ് വിവരം. ഇൻഡ്യ മുന്നണിയിലേക്ക് നിതീഷിനെ ക്ഷണിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ബിഹാറിലെ മുൻ സഖ്യനേതാക്കളായ ഇരുവരും ഒരുമിച്ച് പുറപ്പെടുന്നതിനെയും രാഷ്ട്രീയ കേന്ദ്രങ്ങൾ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
കാലുമാറ്റങ്ങൾക്ക് പേരുകേട്ട നിതീഷ് കുമാർ ഏത് പക്ഷത്തേക്ക് മാറുമെന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല. നേരത്തെ, ഇൻഡ്യ മുന്നണി രൂപീകരണത്തിൽ തന്നെ നിർണായക പങ്കുവഹിച്ച നിതീഷ്, ഒരു ഘട്ടത്തിൽ ഒപ്പമുള്ളവരെയെല്ലാം ചതിച്ച് ബി.ജെ.പിക്കൊപ്പം സഖ്യം ചേരുകയായിരുന്നു. അതുകൊണ്ടുതന്നെ നിതീഷ് സഖ്യത്തിൽ ഉറച്ചുനിൽക്കുമോയെന്ന കാര്യത്തിൽ എൻ.ഡി.എക്കും ഒരു ഉറപ്പുമില്ല.
ബിഹാറിലെ 40 സീറ്റുകളിൽ 16 സീറ്റിലാണ് എൻ.ഡി.എ സഖ്യത്തിൽ ജെ.ഡി(യു) മത്സരിച്ചത്. 12 സീറ്റിൽ വിജയിച്ച് നിർണായക ശക്തിയാവുകയും ചെയ്തു. ദേശീയതലത്തിൽ ബി.ജെ.പിക്ക് 240 സീറ്റ് മാത്രം ലഭിച്ച സാഹചര്യത്തിൽ മറ്റ് കക്ഷികളുടെ പിന്തുണ അധികാരത്തിലേറാൻ അനിവാര്യമാണ്. ജെ.ഡി(യു) കൂടാതെ 16 സീറ്റ് നേടിയ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി)യാണ് എൻ.ഡി.എക്കൊപ്പമുള്ള മറ്റൊരു പ്രധാന കക്ഷി. ഇവരെയും ഇൻഡ്യ സഖ്യം ക്ഷണിച്ചിരിക്കുകയാണ്.
ചന്ദ്രബാബു നായിഡുവിനെ ഇന്നലെ തന്നെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഒപ്പം നിന്നാൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന് വാഗ്ദാനം നൽകിയതാണ് റിപ്പോർട്ടുകൾ. അതോടൊപ്പം നായിഡുവിനെ എൻ.ഡി.എ ദേശീയ കൺവീനറാക്കാമെന്ന ഉറപ്പും മുന്നോട്ടുവെച്ചു.
ഇൻഡ്യ മുന്നണിയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നായിഡുവിനെ ഫോണിൽ വിളിച്ചു. എൻ.സി.പി നേതാവ് ശരദ് പവാറും സർക്കാർ രൂപവത്കരണത്തിനായി ഇൻഡ്യ മുന്നണിക്ക് വേണ്ട് മറ്റ് കക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ട്. നിതീഷ് കുമാറുമായി നല്ല ബന്ധമാണ് പവാറിന്. നിതീഷിനെ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് വാഗ്ദാനം. ഈ നിർദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയടക്കം മുന്നോട്ടുവെച്ചു.
നിലവിൽ എൻ.ഡി.എ-291, ഇൻഡ്യ-234, മറ്റ് കക്ഷികൾ-18 എന്നിങ്ങനെയാണ് കക്ഷിനില. സർക്കാർ രൂപവത്കരിക്കാൻ കേവലഭൂരിപക്ഷമായ 272 എം.പിമാരുടെ പിന്തുണയാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.