മുസ്‍ലിംകൾ ജിഹാദികൾ, കർഷകർ പരാദങ്ങൾ, ഗാന്ധിയും ഗോഡ്സെയും ഒരുപോലെ; ജെ.എൻ.യുവിലെ പുതിയ വി.സിയുടെ ട്വീറ്റുകൾ പുറത്ത്
text_fieldsജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് ശാന്തിശ്രീ പണ്ഡിറ്റ്. നിയമന വിവരം പുറത്തുവന്നതോടെ ഇവരെ അന്വേഷിച്ച് ട്വിറ്ററിലെത്തിയവർ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ.
രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ചും, കർഷകരെക്കുറിച്ചുമെല്ലാം വിദ്വേഷ ട്വീറ്റുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് പുതിയ വി.സിയുടെ ട്വിറ്റർ അകൗണ്ട്. ഗാന്ധിയും ഗോഡ്സെയും തനിക്ക് ഒരുപോലെയാണെന്നും രണ്ടുപേരേയും അംഗീകരിക്കുന്നതായും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാം പോരാഞ്ഞ് ജെ.എൻ.യു നക്സലുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും അവരെ നിരോധിക്കണമെന്നുമാണ് 2020 ജനുവരിയിൽ ശാന്തിശ്രീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കളും വസ്തുതാ പരിശോധനാ സംഘങ്ങളും ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പ്രതിഷേധത്തെ അവഹേളിച്ചും മഹാത്മാഗാന്ധിയുടെ കൊലപാതകിയെ അനുകൂലിച്ചും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിസ്ത്യാനികളെ 'അരി സഞ്ചിക്കായി മതം മാറിയവർ' എന്നാണ് പുതിയ വി.സി പരിഹസിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം കാരണം ഒരു സഞ്ചി അരിക്കായി മതം മാറുന്നവർ എന്നാണ് ഇവർ പരിഹാസം ഉതിർത്തിരിക്കുന്നത്.
ശാന്തിശ്രീയുടെ പഴയ ട്വീറ്റുകളുടെ നിരവധി സ്ക്രീൻഷോട്ടുകൾ ഫാക്റ്റ് ചെക്കർ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഒരു ട്വീറ്റിൽ, ഇസ്ലാമിലെ സുന്നി വിഭാഗത്തിൽപ്പെട്ട മുസ്ലീങ്ങൾ 'തീവ്രവാദികൾ' ആണെന്ന് ഇവർ പറയുന്നു. മറ്റൊരു ട്വീറ്റിൽ 'മാനസിക രോഗിയായ ജിഹാദികൾ' എന്ന വാചകവും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, കർഷക നേതാക്കളായ യോഗേന്ദ്ര യാദവിനേയും രാകേഷ് ടികൈത്തിനെയും പരാമർശിച്ച് 'പരാന്നഭോജികളായ ഇടനിലക്കാർ'എന്നാണ് പറയുന്നത്.ജെ.എൻ.യുവിലെ വിദ്യാർഥി സംഘടനകളെ 'ജെഎൻയുവിൽ നിന്ന് തോറ്റവർ', 'തീവ്ര നക്‌സൽ ഗ്രൂപ്പുകൾ' എന്നിങ്ങനെയാണിവർ വിശേഷിപ്പിക്കുന്നത്.
ശാന്തിശ്രീ പണ്ഡിറ്റിനെ അഞ്ച് വർഷത്തേക്ക് ജെ.എൻ.യു വൈസ് ചാൻസലറായി നിയമിക്കുന്നതിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയത്. 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ.എൻ.യുവിലെ പൂർവ്വ വിദ്യാർഥി കൂടിയാണ്. അവർ ജെ.എൻ.യുവിൽ എം.ഫിലും ഇന്റർനാഷനൽ റിലേഷൻസിൽ പി.എച്ച്.ഡിയും ചെയ്തിട്ടുണ്ട്. 1988ൽ ഗോവ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ശാന്തിശ്രീ പണ്ഡിറ്റ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1993ൽ പൂനെ യൂനിവേഴ്‌സിറ്റിയിലേക്ക് മാറി.
യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗം, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നീ നിലയിലൊക്കെ അവർ പ്രവർത്തിച്ചിട്ടുണ്ട് . വിവിധ അക്കാദമിക് ബോഡികളിൽ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനം വഹിച്ച അവർ 29 ഗവേഷണങ്ങൾക്ക് മേൽനോട്ടം നിർവഹിച്ചിട്ടുണ്ട്.
ജെ.എൻ.യു മുന്‍ വൈസ് ചാന്‍സലറായ എം. ജഗദേഷ് കുമാറിന്‍റെ അഞ്ച് വർഷ കാലാവധി കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ജെ.എൻ.യുവിൽ നിരവധി ഹിന്ദുത്വ വർഗീയ അജണ്ടകൾ പ്രചരിപ്പിച്ച ജഗദേഷ് കുമാറിനെ പുതിയ യു.ജി.സി ചെയർമാനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.