‘ഇനിയും എത്രപേരുടെ മുമ്പിൽ തല കുമ്പിടണം’ - പ്രതിപക്ഷ ഐക്യത്തിന് കൈകൊടുത്ത നിതീഷ് കുമാറിനെ പരിഹസിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഡൽഹിയിൽ എത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചതിനെ പരിഹസിച്ച് ബി.ജെ.പി.
‘എത്രയെത്ര പേരുടെ മുന്നിൽ നിതീഷ് കുമാർ തല കുമ്പിടണം എന്നതിൽ അത്ഭുതം തോന്നുന്നു’ എന്നാണ് നിതീഷ് കുമാർ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട്
ബി.ജെ.പിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ കുറിച്ചത്. 2014ലും 2019ലും പ്രതിപക്ഷാംഗങ്ങളുടെ സഖ്യമുണ്ടാക്കി മത്സരത്തിനിറങ്ങിയെങ്കിലും അതെല്ലാം പരാജയമായിരുന്നെന്നും അതിനാൽ 2024 ലെ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സഖ്യം പരാജയപ്പെടുമെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
ഖുശ്ബു സുന്ദറും പ്രതിപക്ഷ സഖ്യശ്രമങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മഹാഭാരതത്തിലെ കൗരവരെ ഓർമിപ്പിക്കുന്ന വ്യർഥമായ സഖ്യം. കോൺഗ്രസിന്റെത് നല്ല ശ്രമമാണ്. പക്ഷേ, ആരാണ് വിജയിയെന്ന് നിങ്ങൾക്ക് തന്നെ അറിയാം!’ - എന്നാണ് ഖുശ്ബു കുറിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന പൊതുലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യം കൊണ്ടുവരാനാണ് കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും ശ്രമം. ല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ടശേഷം നിതീഷ് കുമാർ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെയും കണ്ടു.
പ്രതിപക്ഷ ഐക്യത്തിന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ഖാർഗെ കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കോൺഗ്രസ് നേതാക്കൾക്ക് നിതീഷ് കൈ കൊടുത്തത്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ കണ്ണുവെക്കുന്ന നിതീഷിന്റെ നീക്കങ്ങളോട് കോൺഗ്രസ് കൈയകലം പാലിച്ചു നിൽക്കുമ്പോൾതന്നെയാണിത്. ആർ.ജെ.ഡി വർഷങ്ങളായി കോൺഗ്രസിനൊപ്പമാണ്.
രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിച്ച വിഷയത്തിൽ തൃണമൂൽ കോൺഗ്രസ്, ബി.ആർ.എസ് അടക്കമുള്ളവർ കോൺഗ്രസിനെ പിന്തുണച്ചത് പ്രതിപക്ഷ ഐക്യശ്രമങ്ങളിൽ ഉണർവ് പകർന്നിരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പിലേക്ക് മുന്നൊരുക്കം നടത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭരണഘടനയും ജനശബ്ദവും സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരുമായി കൈകോർക്കുമെന്ന് കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
അദാനി, മോദിയുടെ ഡിഗ്രി തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്നതിനോട് എൻ.സി.പി നേതാവ് ശരദ്പവാർ പ്രകടിപ്പിച്ച അതൃപ്തി ഐക്യമെന്ന പൊതുലക്ഷ്യത്തെ ബാധിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിലെത്തിയ നിതീഷ് കുമാർ വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളുമായി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.