അഞ്ഞൂറിന്‍റെ കള്ളനോട്ടുകൾ ഒരു വർഷം കൊണ്ട് ഇരട്ടിയായി; രാജ്യത്ത് കള്ളനോട്ടുകളിൽ വൻ വർധനവെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: രാജ്യത്ത് കള്ളനോട്ടുകൾ വർധിക്കുന്നായി റിസർവ് ബാങ്കിന്‍റെ പുതിയ വാർഷിക റിപ്പോർട്ട്. 500 രൂപയുടെ കള്ളനോട്ടുകൾ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ ഇരട്ടിയായി. റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനത്തെ കടന്നാക്രമിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
2021-2022 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചിട്ടുണ്ടെന്ന് ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടിൽ വൻ വർധനവുണ്ടായതായി. 101.9 ശതമാനം വർധനവാണ് 500ന്‍റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്. 2000ത്തിന്‍റെ കള്ളനോട്ടുകൾ 54.16 ശതമാനവും വർധിച്ചു.
റിപ്പോർട്ടിന് പുറത്തുവന്നതിനു പിന്നാലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചമാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ ദൗർഭാഗ്യ നേട്ടം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കൂടാതെ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തി. നിങ്ങളെങ്ങനെയാണ് നോട്ടുനിരോധനത്തിലൂടെ എല്ലാ കള്ളനോട്ടുകളും തുടച്ചുനീക്കുമെന്ന് രാജ്യത്തിന് ഉറപ്പുനൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം ചോദിച്ചു. ആർ.ബി.ഐ റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നോട്ട് നിരോധനം വഴി കള്ളപ്പണം തടയുന്നതിനോടൊപ്പം കള്ളനോട്ട് നിർമാർജനവും കേന്ദ്ര സർക്കാർ ലക്ഷ്യങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു.
2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ നടപടിയിലൂടെ അഴിമതി തടയാനാവുമെന്നും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനാവുമെന്നും കള്ളനോട്ടുകൾ തടയാൻ കഴിയുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.