അദാനിയെ സന്ദർശിച്ച് പവാർ; ഇൻഡ്യ സഖ്യത്തിലെ ആരും രാഹുലിന്റെ വാക്കുകൾക്ക് വില നൽകുന്നില്ലെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: അദാനിയുടെ അഹമ്മദാബാദിലെ ഓഫിസിലും വീട്ടിലും സന്ദർശനം നടത്തി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് ശരദ് പവാർ. ഹിൻഡൻബർഗ് ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിനിടെയാണ് ആരോപണ വിധേയനായ അദാനിയുടെ വീട്ടിൽ പവാർ എത്തിയത്.
അഹമ്മദാബാദിലെ സാനന്ദ് ഗ്രാമത്തിൽ അദാനി ഗ്രൂപ്പിന്റെ ഫാക്ടറിയും പവാർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ ‘എക്സിൽ’ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തേ അദാനിയെ പിന്തുണച്ച് പവാർ രംഗത്തെത്തിയിരുന്നു.
തുടർന്ന് ഒന്നിലധികം തവണ അദാനി പവാറിനെ വസതിയിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടായി അദാനിയുമായി പവാറിന് ബന്ധമുണ്ട്. ആത്മകഥയിലും അത് തുറന്നുപറയുന്നുണ്ട്. ലാളിത്യമുള്ള, കഠിനാധ്വാനിയായ വ്യവസായി എന്നാണ് ആത്മകഥയിൽ പവാർ അദാനിയെ കുറിച്ച് പറയുന്നത്.
അതേസമയം, പവാറിന്റെ സന്ദർശനത്തിൽ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇൻഡ്യ സഖ്യത്തിലെ ഒരാൾ പോലും ഗൗരവമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയവക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. പവാർ അദാനിയെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.