സി.പി.എം പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദളിത് സാന്നിധ്യമായി ഡോ. രാമചന്ദ്ര ഡോം
text_fieldsകണ്ണൂർ: പോളിറ്റ് ബ്യൂറോയിൽ ആദ്യമായി ദളിത് സാന്നിധ്യമായി ഡോ. രാമചന്ദ്ര ഡോം. 1989 മുതൽ ബംഗാളിലെ ബിർഭൂം മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാമചന്ദ്ര ഡോം. നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്. ലോക്സഭാഗം എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാമചന്ദ്ര ഡോം. ഡോ. രാമചന്ദ്ര ഡോമിന് പുറമെ എ. വിജയരാഘവൻ, അശോക് ധാവ്ലെ എന്നിവരേയും പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തി.
പൊളിറ്റ് ബ്യൂറോ പ്രവേശനം പുതിയ സന്ദേശം നൽകുന്നതാണെന്ന് രാമചന്ദ്ര ഡോം പറഞ്ഞു. രാജ്യത്ത് ജാതി യാഥാർഥ്യമാണെങ്കിലും വർഗ്ഗസമരത്തിന് തന്നെ പാർട്ടി പ്രാധാന്യം നല്കുമെന്നും അദ്ദേഹം പറഞ്ഞു. 58 വർഷത്തെ സി.പി.എം ചരിത്രത്തിലാദ്യമായാണ് പി.ബിയിൽ ഒരു ദളിത് പ്രതിനിധി എത്തുന്നത്.
അതേസമയം മൂന്നാം തവണയും സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സി.പി.എം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ. എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.
കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതിൽ 15 പേർ വനിതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.