ആശ, അംഗൻവാടി വർക്കർമാർക്ക് വേതന വർധന പ്രഖ്യാപിച്ച് മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ ആയിരക്കണക്കിന് ആശ, അംഗൻവാടി വർക്കർമാരുടെ മാസ ഒാണറേറിയം വർധന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വർധിപ്പിച്ച പ്രതിഫലം ഒക്ടോബർ മുതൽ നടപ്പാക്കുമെന്നും രാജ്യത്തെ ആശ, ഒാക്സിലറി മിഡ്വൈഫ് വർക്കർമാരുമായുള്ള വിഡിയോ കോൺഫറൻസ് പരിപാടിയിൽ പ്രധാനമന്ത്രി അറിയിച്ചു. ഇതിനു പുറമെ ഇൗ വിഭാഗങ്ങൾക്കായി ഏതാനും സാമൂഹികസുരക്ഷാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ വാങ്ങുന്ന ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഒാണറേറിയം വിതരണം ചെയ്യും. ഒാണറേറിയത്തിലെ കേന്ദ്രവിഹിതം 3000 രൂപ വാങ്ങുന്നവർക്ക് 4500 രൂപയും 2200 രൂപ വാങ്ങുന്നവർക്ക് 3500 രൂപയുമാണ് ലഭിക്കുക.
അംഗൻവാടി ഹെൽപർമാരുടേത് 1500ൽനിന്ന് 2500 ആയും മാറും. അംഗൻവാടി, ആശ വർക്കർമാർക്ക് സംസ്ഥാനങ്ങൾ വേറെ ഒാണറേറിയം നൽകുന്നുണ്ട്. ആശ വർക്കർമാരെ വിവിധ സാമൂഹികസുരക്ഷാ പദ്ധതിയുടെ കീഴിൽകൊണ്ടുവരുമെന്നും മോദി അറിയിച്ചു. പ്രധാനമന്ത്രി ജീവൻജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷ ബീമ യോജന എന്നീ പദ്ധതികൾക്കു കീഴിലായി സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകും. പ്രീമിയം അടക്കാതെ നാലു ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് കവറേജ് ഇവർക്ക് ലഭ്യമാക്കും.
ഇതിനു പുറമെ, െഎ.സി.ഡി.എസ്-സി.എ.എസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന അംഗൻവാടി വർക്കർമാർക്ക് 250 മുതൽ 500 രൂപ വരെ അധിക ആനുകൂല്യവും ലഭിക്കും. നവജാത ശിശുക്കളുടെ ആരോഗ്യപരിചരണത്തിലും രാജ്യത്തെ ശുചിത്വപരിപാലനത്തിലും നിർണായക പങ്കുവഹിക്കുന്ന ആശ-അംഗൻവാടി വർക്കർമാർ രാജ്യപുരോഗതിക്ക് അടിത്തറ പാകുന്നവരാണെന്ന് മോദി പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ സുപ്രധാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആയുഷ്മാൻ ഭാരതി’ന് ഇൗമാസം 23ന് ഝാർഖണ്ഡിൽ തുടക്കമിടും.
ഹരിയാനയിൽനിന്നുള്ള കരിഷ്മ എന്ന കുഞ്ഞായിരിക്കും ഇതിെൻറ ആദ്യ ഗുണഭോക്താവ്. സെപ്റ്റംബറിനെ ‘പോഷണമാസം’ ആയി ആചരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.