ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യം; ആർക്കും തന്നെ ഇവിടുന്ന് ഒാടിക്കാനാവില്ല -ഉവൈസി സഹോദരന്മാർ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലേറിയാൽ പലായനം ചെയ്യേണ്ടി വരുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.എ.എം) നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യമാെണന്നും ആർക്കും തന്നെ ബലം പ്രയോഗിച്ച് പലായനം ചെയ്യിക്കാൻ സാധിക്കില്ലെന്നും ഉവൈസി പറഞ്ഞു.
പ്രവാചകൻ ആദം പറുദീസയിൽ നിന്ന് ഭൂമിയിലിറങ്ങിയത് ഇന്ത്യയിലാണെന്നാണ് വിശ്വാസം. അതിനാൽ ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യമാണ്. ഈ രാജ്യത്ത് നിന്ന് ആർക്കും തന്നെ ബലമായി രാജ്യത്ത് നിന്ന് ഒാടിക്കാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് യോഗിക്കെതിരെ ഉവൈസി ആഞ്ഞടിച്ചത്.
നൈസാം മിർ ഉസ്മാൻ അലി ഖാൻ ഹൈദരാബാദിൽ നിന്ന് പലായനം ചെയ്തിട്ടില്ല. അദ്ദേഹം രാജ് പ്രമുഖനായിരുന്നു. ചൈനയുമായുള്ള യുദ്ധകാലത്ത് തന്‍റെ കൈവശമുള്ള സ്വർണം അടക്കമുള്ള സമ്പാദ്യങ്ങൾ ഇന്ത്യക്ക് നൽകുകയാണ് നൈസാം ചെയ്തതെന്നും ഉവൈസി വ്യക്തമാക്കി.
യോഗി ആദിത്യനാഥിന്‍റേത് വെറും പ്രസംഗം മാത്രമാണ്. എന്നാൽ, പ്രസംഗത്തിലെ ഭാഷ നരേന്ദ്ര മോദിയുടേതും. മുഖ്യമന്ത്രി പദവിയെ ഉയർത്തുന്ന നിലയിലുള്ള ഭാഷയിലാണ് യോഗി പ്രസംഗിക്കേണ്ടതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. സ്വന്തം നിയമസഭാ മണ്ഡലത്തിൽ പ്രതിവർഷം 150 നവജാത ശിശുക്കൾ മരണപ്പെടുന്ന സംഭവത്തിൽ പരിഹാരം കാണുകയാണ് ആദ്യം യോഗി ചെയ്യേണ്ടതെന്നും ഉവൈസി ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെ അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി എം.എൽ.എയും രംഗത്തെത്തി. ഞങ്ങളിൽ ഒരാൾ പോലും ഇന്ത്യയിൽ നിന്ന് പലായനം ചെയ്യില്ലെന്നും തങ്ങളുടെ ആയിരം തലമുറകൾ ഈ രാജ്യത്ത് ജീവിക്കുമെന്നും അക്ബറുദ്ദീൻ ഉവൈസി വ്യക്തമാക്കി.
തെലങ്കാനയിലെ തൻദൂരിൽ ബി.െജ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് ഉവൈസിയെ പലായനം ചെയ്യിക്കുെമന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. ബി.ജെ.പി തെലങ്കാനയിൽ അധികാരത്തിലേറിയാൽ ഉവൈസിയെ പലായനം ചെയ്യിക്കും. ഹൈദരാബാദിൽ നിന്ന് നൈസാം പലായനം ചെയ്ത മാതൃകയിലാവും ഉവൈസിയുടെ പലായനമെന്നും ആണ് യോഗി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.