മുൻ ജന്മത്തിൽ ഉവൈസി ബാല്യകാല സുഹൃത്ത്, മോഹൻ ഭഗവത് ശകുനിയമ്മാവൻ; 'ആത്മാവിനെ തേടാൻ' അവധി ആവശ്യപ്പെട്ട് എൻജിനീയർ
text_fieldsഭോപാൽ: ഞായറാഴ്ച ദിവസം അവധി അനുവദിക്കാൻ വേണ്ടി സർക്കാർ എൻജിനീയർ നൽകിയ അപേക്ഷയാണ് ഇപ്പോൾ മധ്യപ്രദേശിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം. തന്‍റെ ആത്മാവിനെ തേടുന്നതിനായാണ് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഡെപ്യൂട്ടി എൻജിനീയറായ രാംകുമാർ യാദവ് ഞായറാഴ്ച അവധി വേണമെന്ന് മേലുദ്യോഗസ്ഥനോട് വാട്സ്ആപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്.
തന്‍റെ പൂർവജന്മത്തിലെ ചില സംഗതികൾ സ്വപ്നത്തിലൂടെ ഓർമയിൽ വന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി തന്‍റെ ബാല്യകാല സുഹൃത്തായ നകുൽ ആണെന്നും ആർ.എസ്.എസ് അധ്യക്ഷൻ ശകുനി അമ്മാവനാണെന്നും യാദവ് തന്‍റെ സന്ദേശത്തിൽ വിശദീകരിച്ചു.
'പൂർവ ജന്മത്തെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ഗീത പഠിക്കാൻ ആഗ്രഹമുണ്ട്. അഹങ്കാരം ഇല്ലാതാക്കാൻ വീടുതോറും ഭിക്ഷ യാചിക്കും. ഇത് ആത്മാവിന്‍റെ പ്രശ്നമായതിനാൽ, ഞായറാഴ്ച അവധി നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു' -പഞ്ചായത്തിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം എഴുതി.
ചിലപ്പോൾ ഞായറാഴ്ചകളിൽ ജോലിയുണ്ടാവാറുണ്ടെന്നും എന്നാൽ ആത്മീയമായി ഉദ്‌ബുദ്ധനായതിനാൽ ഗീത വായിക്കാൻ ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അസദുദ്ദീൻ ഉവൈസി എന്‍റെ ബാല്യകാല സുഹൃത്താണെന്ന് ഞാൻ സ്വപ്നം കണ്ടു. മോഹൻ ഭാഗവതും ശകുനി മാമയായി ഉണ്ടായിരുന്നു' - അദ്ദേഹം പറഞ്ഞു.
അഹംഭാവത്തിൽ നിന്ന് മുക്തനാകാൻ ഞായറാഴ്ചയും കഠിനാധ്വാനം ചെയ്യൂ എന്നായിരുന്നു പഞ്ചായത്ത് സി.ഇ.ഒ പരാഗ് പന്തി യാദവ് നൽകിയ മറുപടി.ആളുകൾ സ്വന്തം ആഗ്രഹപ്രകാരം അവധിദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് അഹംഭാവത്തിന്‍റെ പുറത്താണെന്നും ഇത് വേരോടെ നശിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ യാദവ് എല്ലാ ഞായറാഴ്ചയും ജോലി ചെയ്യണമെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി.
വിചിത്രമായ അവധി അഭ്യർഥന കാരണം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സംഗതി സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.