മഥുര ഷാഹി ഈദ്ഗാഹ് പൊളിക്കാനുള്ള ഹരജി: ആർ.എസ്.എസിന്‍റെ പദ്ധതികളെ കരുതിയിരിക്കണമെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കാനായി സ്വീകരിച്ച സാഹചര്യത്തിൽ ആർ.എസ്.എസിന്‍റെ പദ്ധതികളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി.
'മഥുര ഈദ്ഗാഹ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്നലെ കോടതി സ്വീകരിച്ചു. കാശിയും മഥുരയും അജണ്ടയിലില്ലെന്നാണ് അദ്വാനി പറഞ്ഞത്. അയോധ്യയും അജണ്ടയിൽ ഇല്ലായിരുന്നെന്നാണ് പറഞ്ഞത്. അവരുടെ പദ്ധതികളെ നാം കരുതിയിരിക്കണം' -ഉവൈസി ട്വീറ്റ് ചെയ്തു.
യു.പിയിലെ മഥുരയിൽ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്നലെയാണ് ജില്ല കോടതി സ്വീകരിച്ചത്. നവംബർ 18ന് ഹരജി പരിഗണിക്കും. നേരത്തെ ഈ ഹരജി സിവിൽ കോടതി തള്ളിയിരുന്നു.
ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം കയ്യേറിയാണ് ഈദ് ഗാഹ് മസ്ജിദ് പണിതതെന്ന് ഹരജിക്കാർ ആരോപിക്കുന്നു. 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഷാഹി ഇദ്ഗാഹ് പള്ളി കൃഷ്ണെൻറ ജന്മസ്ഥലത്താണ് നിൽക്കുന്നതെന്നാണ് വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലം കാത്റ കേശവ്ദേവ് ക്ഷേത്രത്തിെൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.
മുഗള്‍ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും പള്ളിക്കമ്മിറ്റി അനുബന്ധ നിര്‍മാണം നടത്തിയെന്നും ഹരജിയിൽ പറയുന്നു. ഒരിക്കല്‍ പ്രതിഷ്ഠയിരുന്ന സ്ഥലം എക്കാലത്തും പ്രതിഷ്ഠയുടെതാണ്. അത് ആരെങ്കിലും കൈയടക്കുകയോ തകര്‍ക്കുകയോ ചെയ്താലും അവരില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ വീണ്ടെടുത്ത് അവിടെ ക്ഷേത്രം സ്ഥാപിക്കണമെന്നുമാണ് ഹരജിക്കാർ വാദിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ, കാശിയും മഥുരയും അജണ്ടയിൽ ഇല്ലെന്നാണ് അടുത്തിടെ സംഘ്പരിവാർ നേതാക്കൾ ആവർത്തിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാൽ, ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇനി കാശിയും മഥുരയും ബാക്കിയുണ്ടെന്ന മുദ്രാവാക്യമാണ് വിശ്വഹിന്ദു പരിഷത്ത് ഉയർത്തുന്നത്. കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.