ആദ്യം പിറകിൽ, പിടിച്ചുകയറി ഉവൈസിയുടെ എ.ഐ.എം.ഐ.എം
text_fieldsഅമരാവതി: കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കെ. ചന്ദ്രശേഖര റാവുവിന്‍റെ ബി.ആർ.എസിനൊപ്പം കനത്ത തിരിച്ചടി നേരിട്ടപ്പോൾ മണ്ഡലങ്ങൾ നിലനിർത്തുന്ന പോരാട്ടവുമായി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം).
ഇത്തവണ ഒമ്പത് സീറ്റുകളിൽ മത്സരിച്ച പാർട്ടി ഏഴ് സീറ്റുകളിൽ മുന്നേറ്റം നടത്തി. അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമനായ അക്ബറുദ്ദീൻ ഉവൈസി ചന്ദ്രയാൻഗുട്ടയിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. അക്ബറുദ്ദീൻ ഉവൈസി 2014ലും 2018ലും ഈ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു.
കൂടാതെ, ചാർമിനാർ- മിർ സുൽഫിക്കർ അലി, മാലക്പേട്ട്- അഹ്മദ് ബിൻ അബ്ദുല്ല ബലാല, ബഹാദൂർപുര- മുഹമ്മദ് മുബീൻ, നാമ്പള്ളി - മുഹമ്മദ് മജീദ് ഹുസൈൻ, യാകത്പുര - ജാഫർ ഹുസൈൻ, കർവാൻ - കൗസർ മുഹിയുദ്ദീൻ എന്നിവരും ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, ജൂബിലി ഹിൽസ് സീറ്റിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർഥിയുമായ അസ്ഹറുദ്ദീനെതിരെ മത്സരിക്കുന്ന എം.ഡി. റഷീദ് ഫറസുദ്ദീൻ മുന്നിലാണ്. എന്നാൽ, രാജേന്ദ്രനഗർ സീറ്റിൽ മന്ദഗിരി സ്വാമി യാദവ് പിന്നിലാണ്.
വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിലും പിന്നീടും മൂന്നു സീറ്റുകളിൽ മാത്രമാണ് എ.ഐ.എം.ഐ.എം ലീഡ് നേടിയിരുന്നത്. തുടർന്ന് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നതോടെ മറ്റ് നാലു സീറ്റുകളിൽ കൂടി പാർട്ടി സ്ഥാനാർഥികൾ ലീഡ് പിടിക്കുകയായിരുന്നു. 2018ലെ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിലാണ് ഉവൈസിയുടെ പാർട്ടി വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹിൽസ്, രാജേന്ദ്രനഗർ സീറ്റുകളിലും ഉവൈസി സ്ഥാനാർഥികളെ നിർത്തിയത്.
തെലങ്കാനയിൽ 10 വർഷം ഭരണം പൂർത്തിയാക്കിയ കെ. ചന്ദ്രശേഖര റാവുവിന്‍റെ ബി.ആർ.എസിനെ പിന്തുണക്കുന്ന നിലപാടാണ് ഉവൈസി സഹോദരന്മാർ സ്വീകരിച്ചിരുന്നത്. തെലങ്കാനയിലെ മുസ് ലിം ഭൂരിപക്ഷ മേഖലകളിൽ മാത്രം സ്വാധീനമുള്ള പ്രാദേശിക പാർട്ടിയാണ് എ.ഐ.എം.ഐ.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.