ഒരേയൊരു നിബന്ധന അംഗീകരിച്ചാൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമെന്ന് ഒവൈസി; യു.പിയിൽ നിർണായക നീക്കവുമായി എ.ഐ.ഐ.എം
text_fieldsന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കങ്ങളുമായി യു.പിയിലെ രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിെൻറ സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് ആസദുദ്ദീൻ ഉവൈസി പറഞ്ഞു. പക്ഷെ അതിന് തങ്ങളുടെ ഒരേയൊരു നിബന്ധന അംഗീകരിക്കണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. നിബന്ധനയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മുസ്ലിമിനെ യു.പിയുടെ ഉപ മുഖ്യമന്ത്രിയാക്കണമെന്നാണ് ഉവൈസിയുടെ ആവശ്യം.
നിലവിൽ ഓം പ്രകാശ് രാജ്ഭറിെൻറ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനത ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കൽപ് മോർച്ച. ഈ മാസം ആദ്യം എ.ഐ.എം.ഐ.എം നേതാവ് അസിം വഖാർ സംസ്ഥാനത്തെ ഡെപ്യൂട്ടി ചീഫ്മിനിസ്റ്റർ സ്ഥാനം മുസ്‌ലിംകൾക്കായി നീക്കിവക്കണമെന്ന് പറഞ്ഞിരുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ്, ബഹുജൻ സമാജ്‌വാദി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
തെൻറ പാർട്ടി ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവും അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ യു.പിയിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതി പറയുന്നത്.403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 289 സീറ്റുകൾ ബിജെപി നേടുമെന്ന് 2021 മാർച്ചിൽ നടത്തിയ സർവ്വേയിൽ ഐഎഎൻഎസ് സി-വോട്ടർ ട്രാക്കർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.