ഗോഡ്സെയുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള നിയമം; മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കും; സി.എ.എക്കെതിരെ ഉവൈസി
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനു പിന്നാലെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ നാൾവഴികൾ നോക്കൂ -ആദ്യം തെരഞ്ഞെടുപ്പ് സീസൺ വരും, പിന്നാലെ സി.എ.എ നിയമങ്ങൾ വരും. സി.എ.എയോടുള്ള ഞങ്ങളുടെ എതിർപ്പുകൾ അതേപടി നിലനിൽക്കുന്നു. സി.എ.എ ഭിന്നിപ്പിക്കുന്നതും മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാനുള്ള ഗോഡ്‌സെയുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്’ -ഉവൈസി എക്സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയായിരുന്നു ലക്ഷ്യം. 2019ലാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്‍ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി. രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.