യു.പിയിലെ സഖ്യ വാർത്തകൾ നിഷേധിച്ച് എ.ഐ.എം.ഐ.എം; 'മുസ്‌ലിം ഉപമുഖ്യമന്ത്രി വേണമെന്ന് പറഞ്ഞിട്ടില്ല'
text_fieldsഹൈദരാബാദ് (തെലങ്കാന): വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നിഷേധിച്ചു. മുസ്ലീം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയാൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് തങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് എ.ഐ.എം.ഐ.എം ഉത്തർപ്രദേശ് പ്രസിഡൻറ് ഷൗക്കത്ത് അലി പറഞ്ഞു. താനോ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിയോ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'കഴിഞ്ഞതിന് മുമ്പുള്ള തെരഞ്ഞെടുപ്പിൽ എസ്പിക്ക് 20 ശതമാനം മുസ്ലീം വോട്ടുകൾ ലഭിച്ചിരുന്നു. അങ്ങിനെയാണ് അന്നവർ അധികാരത്തിൽ വന്നത്. എന്നാൽ അവർ ഒരു മുസ്ലീമിനെ ഉപമുഖ്യമന്ത്രിയാക്കിയില്ല. ഇതാണ് ഞങ്ങൾ പറഞ്ഞത്'-ഷൗക്കത്ത് അലി പറഞ്ഞു. ഏതെങ്കിലും മുസ്ലീം എംഎൽഎയെ ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രിയാക്കാൻ എസ്പി മേധാവി അഖിലേഷ് യാദവ് സമ്മതിച്ചാൽ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് അസദുദ്ദീൻ ഉവൈസി ശനിയാഴ്ച പറഞ്ഞതായാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. അതാണിപ്പോൾ പാർട്ടിയുടെ ഉത്തർപ്രദേശ് പ്രസിഡൻറ് നിഷേധിച്ചത്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന് ഉവൈസി നേരത്തെ അറിയിച്ചിരുന്നു.
നിലവിൽ യു.പിയിലെ 110 നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലീം വോട്ടർമാർ 30-39 ശതമാനം ഉണ്ട്. 44 സീറ്റുകളിൽ ഇത് 40-49 ശതമാനവും 11 സീറ്റുകളിൽ മുസ്‌ലിം വോട്ടർമാർ 50-65 ശതമാനവുമാണ്.2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരു മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവർ യു.പിയിൽ മത്സരിച്ചിരുന്നില്ല.
നിലവിൽ ഓം പ്രകാശ് രാജ്ഭറിെൻറ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനത ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കൽപ് മോർച്ച. തെൻറ പാർട്ടി ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവും അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ യു.പിയിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.