അഅ്സംഗഢ് അഖിലേഷ് തിരിച്ചുപിടിക്കും
text_fieldsഹിന്ദി ബെൽറ്റിൽ മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളാണ് അവരൊട്ടുമില്ലാത്ത മണ്ഡലങ്ങളേക്കാൾ ബി.ജെ.പിക്ക് പിടിക്കാൻ അനായാസമെന്ന് പല മണ്ഡലങ്ങളിലെയും മുസ്ലിം വോട്ടർമാർ അഭിപ്രായപ്രകടനം നടത്തുമ്പോൾ അതിൽ അൽപം അതിശയോക്തിയില്ലേ എന്ന് ശങ്കിച്ചിരുന്നു. ബിഹാറിലെ സീമാഞ്ചലിൽനിന്ന് ഉത്തർപ്രദേശിലെ പൂർവാഞ്ചലിലേക്ക് എത്തുമ്പോഴേക്കും അപ്പറഞ്ഞതിൽ കാര്യമുണ്ടെന്നാണ് തോന്നിയത്. ബിഹാറിലെ കിഷൻഗഞ്ചിൽ ബി.ജെ.പിയുടെ സയ്യിദ് ഷാനവാസ് ഹുസൈനും യു.പിയിലെ അഅ്സംഗഢിൽ ബി.ജെ.പിയുടെ ദിനേശ് ലാൽ നിരഹുവായും ജയിച്ച കഥകളാണ് അതിനു കാരണം.
മുസ്ലിം വോട്ടുകൾ മറുഭാഗത്ത് കാണിച്ച് ഹിന്ദു വോട്ടർമാരെ വർഗീയ ധ്രുവീകരിക്കാമെന്ന തന്ത്രം മാത്രമല്ല, മറിച്ച് അത്തരമൊരു മണ്ഡലത്തിൽ സ്വതന്ത്രരോ ജയിക്കാനിടയില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥികളോ ആക്കാൻ നിരവധി മുസ്ലിം നേതാക്കളെ ബി.ജെ.പിക്ക് കിട്ടുമെന്നതുകൂടിയാണ് ബി.ജെ.പിക്ക് ജയം അനായാസമാക്കുന്നത്. ഹിന്ദി ബെൽറ്റിൽ മുഖ്യധാരാ പാർട്ടികൾ മുസ്ലിംകൾക്ക് ടിക്കറ്റ് നൽകാതിരിക്കുന്നതിന്റെ ഒരു കാരണം കൂടിയാണിത്.
രാജ്യം ഉറ്റുനോക്കിയ 2022ലെ അഅ്സംഗഢ് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചത് നോക്കുക. യു.പി നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവാകാൻ തീരുമാനിച്ച് ലോക്സഭാംഗത്വം രാജിവെക്കുമ്പോൾ തന്റെ മണ്ഡലമായ അഅ്സംഗഢ് ഉപതെരഞ്ഞെടുപ്പിൽ എസ്.പിയെ കൈവിടുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കരുതിയിരുന്നില്ല. സ്വന്തം കുടുംബത്തിൽനിന്നുള്ള ധർമേന്ദ്ര യാദവിനെ മണ്ഡലം നിലനിർത്താൻ ഇറക്കിയ ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി സ്ഥാനാർഥിയായ ഭോജ്പൂരി സിനിമ നടൻ ദിനേശ് ലാൽ നിരഹുവയോട് കേവലം 8000 വോട്ടുകൾക്ക് ധർമേന്ദ്ര യാദവ് തോറ്റു. സമാജ്വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ മുഖ്യ മൽസരം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയായി ഗുഡ്ഢു ജമാൽ എന്ന ശാഹ് ആലം വന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടു പിടിച്ചതായിരുന്നു കാരണം.
ബി.ജെ.പിയുടെ ബാലികേറാമലയും സമാജ്വാദി പാർട്ടിയുടെ തട്ടകവുമായ അഅ്സംഗഢിൽ അവരിൽ നിന്നേറ്റ അപ്രതീക്ഷിതമായ പരാജയത്തിന്റെ മുറിവ് എസ്.പി പ്രവർത്തകരിൽ ഇനിയും ഉണങ്ങിയിട്ടില്ല. ആ തോൽവി ആവർത്തിക്കാതിരിക്കാൻ നന്നായി ഗൃഹപാഠം ചെയ്താണ് അഖിലേഷ് യാദവ് ധർമേന്ദ്ര യാദവിനെ വീണ്ടുമിറക്കിയതെന്ന് അഅ്സംഗഢ് മദ്റസ ജാമിഅത്തുൽ ഫലാഹിന്റെ മുൻ ഡയറക്ടർ മൗലാന താഹിർ മദനി ‘മാധ്യമ’ത്തോടു പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഗുഡ്ഢു ജമാലിനെ മെരുക്കി സമാജ്വാദി പാർട്ടിയിലെത്തിച്ചതോടെ ഭോജ്പൂരി നടന് ജയിക്കാൻ കഴിയാത്ത സാഹചര്യമായെന്ന് മദനി തുടർന്നു.
അതേസമയം ഗുഡ്ഢു ജമാൽ അല്ലെങ്കിൽ മറ്റൊരു മുസ്ലിം എന്ന നിലക്ക് മശ്ഹൂദ് അഹ്മദ് ഇക്കുറി ബി.എസ്.പി സ്ഥാനാർഥിയായി രംഗത്തുവന്നു. എന്നാൽ മണ്ഡലത്തിലെ 17 ശതമാനം മുസ്ലിം വോട്ടുകളിൽ ബഹുഭൂരിഭാഗവും ധർമേന്ദ്ര യാദവിനായിരിക്കുമെന്നും മശ്ഹൂദ് അഹ്മദിന് കിട്ടില്ലെന്നും മദനി ചൂണ്ടിക്കാട്ടി. തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന രീതിയിലുള്ള നിഷേധാത്മക രാഷ്ട്രീയത്തിൽനിന്ന് മാറിയ ദേശീയ സാഹചര്യത്തിൽ മുസ്ലിം നേതാക്കൾ പിന്തിരിയണമെന്നും സമുദായം അവരെ പിന്തിരിപ്പിക്കണമെന്നുമുള്ള അഭിപ്രായവും താഹിർ മദനി പങ്കുവെച്ചു. യു.പിയിൽ മുസ്ലിം രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ രാഷ്ട്രീയ ഉലമാ കൗൺസിലിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് താഹിർ മദനി. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഉലമാ കൗൺസിൽ സ്ഥാനാർഥിയായി മൽസരിച്ച താഹിർ മദനി മറ്റു പാർട്ടി സ്ഥാനാർഥികൾക്കൊപ്പം പരാജയമേറ്റുവാങ്ങുകയായിരുന്നു.
യു.പിയിലെ മുസ്ലിം മനസ്സ് ഈ തെരഞ്ഞെടുപ്പിൽ രാഹുലിനും കോൺഗ്രസിനുമൊപ്പമാണെന്ന് തിരിച്ചറിഞ്ഞതിനാൽ അഅ്സംഗഢ് പോലുള്ള പല മണ്ഡലങ്ങളിലും ഒറ്റക്ക് ജയിക്കാനാവില്ലെന്നുകണ്ടാണ് അഖിലേഷ് ഇൻഡ്യ സഖ്യത്തിൽ ചേർന്നത്. യാദവർക്ക് മേധാവിത്തമുള്ള മണ്ഡലത്തിൽ അവരുടെ 21 ശതമാനം എസ്.പിക്കൊപ്പമാകുമെന്നും ഭരണഘടന ഭേദഗതി ചർച്ചകളോടെ മണ്ഡലത്തിലെ 20 ശതമാനം ദലിത് വോട്ടുകളിൽ ഒരു പങ്ക് ബി.എസ്.പിയുടെ ആനയിൽ വീണാലും ഏറിയപങ്കും ധർമേന്ദ്ര യാദവിനൊപ്പം പോരുമെന്നുമാണ് അഖിലേഷിന്റെ കണക്കുകൂട്ടൽ. ബി.എസ്.പിയുമായി സഖ്യത്തിൽ മൽസരിച്ചാണ് അഖിലേഷ് മികച്ച ഭൂരിപക്ഷത്തിന് 2019ൽ അഅ്സംഗഢിൽ ജയിച്ചത്. ഇത്തവണ ബി.എസ്.പിക്ക് പകരം സഖ്യകക്ഷി കോൺഗ്രസാണ്. 2022ലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോൾ യു.പിയിലെന്നത് കൂടിയാണ് അഅ്സംഗഢ് എസ്.പി തിരിച്ചുപിടിക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിച്ചത്.
പൂർവാഞ്ചൽ ബെൽറ്റിലെ ഭോജ്പൂരി സ്വാധീനം ഭോജ്പൂരി നടൻ ബി.ജെ.പിക്ക് അനുകൂലമാക്കാതിരിക്കാൻ അഖിലേഷിന്റെ ഭാര്യ ഡിംപ്ൾ യാദവ് പ്രചാരണം നടത്തിയത് ഭോജ്പൂരിയിലായിരുന്നു. മറുഭാഗത്ത്പ്രചാരണത്തിന്റെ അവസാന ദിവസം യാദവകുലത്തിൽനിന്ന് മുലായം സിങ്ങിന്റെ മരുമകൾ അപർണ യാദവിനെ ബി.ജെ.പി രംഗത്തിറക്കി. നേരത്തെ ബി.ജെ.പിയിൽ ചേർന്ന അപർണ യാദവ് അവർക്ക് വേണ്ടി പ്രചാരണം നടത്തുന്നതിൽ അത്ഭുതമില്ലെന്നായിരുന്നു ധർമേന്ദ്ര യാദവിന്റെ പ്രതികരണം. ജനഹിതത്തെ അതൊട്ടും ബാധിക്കില്ലെന്നും യാദവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.