കർഷകക്കൊല: ഒടുവിൽ മന്ത്രിപുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നാലു കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ ആശിഷ് മിശ്രയെ 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്തതായി ലഖ്നോ, ലഖിംപൂർ ലേഖകരെ ഉദ്ധരിച്ച് 'ഇന്ത്യ ടുമോറോ' വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ശനിയാഴ്ച 11 ഓടെ പൊലീസ് അകമ്പടിയിൽ ലഖിംപുരിലെ ക്രൈംബ്രാഞ്ച് ഓഫിസിെൻറ പിൻവാതിലിലൂടെയായിരുന്നു ആശിഷിെൻറ വരവ്. ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തു. അന്വേഷണ സംഘത്തലവൻ ഡി.ഐ.ജി. ഉപേന്ദ്ര അഗർവാളിെൻറ നേതൃത്വത്തിൽ ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് ഡസൻ ചോദ്യങ്ങൾ തയാറാക്കി അതിെൻറ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഒക്ടോബർ മൂന്നിന് നാല് കർഷകരുടെ മരണത്തിനിടയാക്കി ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയുണ്ടായിരുന്നെന്നാണ് കർഷക സംഘടനകളുടെ പരാതി. സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നു എന്നാവര്‍ത്തിച്ച ആശിഷ് മിശ്ര, തെളിവായി വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയതായി റിപ്പോർട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ആശിഷിെൻറ പിതാവുമായ അജയ് മിശ്ര അഭിഭാഷകരുമായി പാർട്ടി ഓഫിസിൽ തമ്പടിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ആശിഷിെൻറ വീട്ടുചുമരിൽ നോട്ടീസ് പതിച്ചാണ് അന്വേഷണത്തിന് ഹാജരാകാനുള്ള ഉത്തരവിറക്കിയത്. ഏതൊരു കൊലപാതക കേസിലെ പ്രതിയെയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി യു.പി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
അതിനിടെ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത്സിങ് സിദ്ദു നിരാഹാരം അവസാനിപ്പിച്ചു. ആശിഷ് മിശ്ര പിടിയിലാകുംവരെ നിരാഹാര സമരം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. അജയ് മിശ്രയുടെ രാജിയാണ് കേസിൽ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത് തങ്ങൾ കണക്കുകൂട്ടുന്നില്ലെന്ന് കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.