രാജസ്ഥാനിലെ വിമത പ്രവർത്തനങ്ങൾക്ക് മാപ്പ് പറഞ്ഞ് ഗെഹ്ലോട്ട്; ക്ഷമിക്കാൻ തയാറാകാതെ കോൺഗ്രസ്
text_fieldsജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി പദം കൈവിട്ടു പോകാതിരിക്കാൻ നടത്തിയ വിമത പ്രവർത്തനങ്ങൾക്ക് മാപ്പ് ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ലജിസ്ലേറ്റീവ് പാർട്ടി യോഗത്തിനായി രാജസ്ഥാനിലെത്തി അപമാനിതനായ കേന്ദ്ര നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെയോടാണ് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞത്.
കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തിൽ യോഗം വിളിച്ച ശേഷം അതിൽ പങ്കെടുക്കാതെ സമാന്തരയോഗം നടത്തിയത് തെറ്റായിപ്പോയി. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും പക്ഷേ, തനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ഗെഹ്ലോട്ട് ഖാർഗെയോട് പറഞ്ഞുവെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും കോൺഗ്രസിനെ അപമാനിച്ച സംഭവം നേതൃത്വം ക്ഷമിക്കില്ലെന്നാണ് സൂചന.
അതേസമയം, വിമത പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഗെഹ്ലോട്ട് അവകാശപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ ഇത് നടക്കില്ലെന്നാണ് ഖാർഗെയുടെ അഭിപ്രായം.
ഗെഹ്ലോട്ട് നാളെ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക കൊടുക്കേണ്ടതാണ്. എന്നാൽ, വിമത പ്രവർത്തനങ്ങൾ മൂലം മറ്റൊരു വിശ്വസ്തനെ ഗാന്ധി കുടുംബം തേടുന്നുവെന്നാണ് വാർത്തകൾ. കഴിഞ്ഞ ദിവസം കമൽ നാഥിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, താൻ പ്രസിഡന്റാകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കാൻ കമൽനാഥ് ഇടനിലക്കാരനാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.