കോൺഗ്രസ് അധ്യക്ഷനാകാൻ ഗെഹ്‌ലോട്ട് തയാർ; പക്ഷേ ഒരു നിബന്ധനയുണ്ട്
text_fieldsന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കാനിരിക്കെ, ഒന്നിലേറെ സ്ഥാനാർഥികൾ ഏറ്റുമുട്ടുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയാവുന്നു. വിമത സ്വരമുയർത്തിയ നേതാക്കളുടെ പക്ഷത്തു നിന്ന് ശശി തരൂർ എം.പി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നെഹ്റു കുടുംബത്തിൽ നിന്ന് മത്സരാർഥികൾ ഇല്ലാത്ത പക്ഷം, വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സ്ഥാനാർഥിയായെത്തും.
ശശി തരൂർ കഴിഞ്ഞ ദിവസം ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് മത്സരിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാടാണ് സോണിയ തരൂരിനോടും പറഞ്ഞത്. ഇതോടെയാണ് തരൂർ മത്സരരംഗത്തുണ്ടാവുമെന്നത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. മത്സരിക്കുമെന്ന റിപ്പോർട്ടുകൾ തരൂർ തള്ളിയിട്ടുമില്ല.
അതേസമയം, താൻ അധ്യക്ഷനാവുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പാർട്ടിക്കുള്ളിലെ എതിരാളിയായ സചിൻ പൈലറ്റിന് നൽകരുതെന്ന നിബന്ധന അശോക് ഗെഹ്‌ലോട്ട് സോണിയക്ക് മുമ്പിൽ വെച്ചതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താൻ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കിൽ തനിക്ക് വിശ്വസ്തനായ ഒരാളെ വേണം രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ എന്നാണ് ഗെഹ്‌ലോട്ടിന്‍റെ ആവശ്യം. അല്ലാത്ത പക്ഷം, മുഖ്യമന്ത്രിയായി തുടർന്നുകൊണ്ടു തന്നെ വർക്കിങ് പ്രസിഡന്‍റായി പ്രവർത്തിക്കാനാണ് ഗെഹ്‌ലോട്ട് താൽപര്യപ്പെടുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ തന്നെ കണ്ണുവെച്ചയാളാണ് സചിൻ പൈലറ്റ്. മുമ്പ് പാർട്ടിയുമായി പിണങ്ങിയപ്പോഴൊക്കെ ദേശീയ നേതൃത്വം അനുനയിപ്പിച്ച് നിർത്തുകയായിരുന്നു യുവനേതാവിനെ. ഇന്നലെ സചിൻ പൈലറ്റ് ഡൽഹിയിലെത്തിയത് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന ആവശ്യം സചിൻ ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനായാണ് അശോക് ഗെഹ്‌ലോട്ട് സോണിയക്ക് മുമ്പാകെ നിബന്ധന വെച്ചത്.
താൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെക്കാൾ അശോക് ഗെഹ്‌ലോട്ടിന് താൽപര്യം രാഹുൽ ഗാന്ധിയെ തന്നെ വീണ്ടും കൊണ്ടുവരികയെന്നതാണ്. ഇതിനായി അവസാനവട്ട ശ്രമങ്ങളും അദ്ദേഹം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്‌നാട്, ജമ്മു പി.സി.സികൾ പാസാക്കിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് അദ്ദേഹം.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന ശശി തരൂർ നൽകിയിരുന്നു. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കിൽ ജി-23 ഗ്രൂപ്പിന്‍റെ ഭാഗമായ നേതാക്കൾ മത്സരത്തിനുണ്ടായേക്കില്ല. ഗെഹ്‌ലോട്ട് സ്ഥാനാർഥിയാകുകയാണെങ്കിൽ ഇതോടെ മത്സരം ഉറപ്പാകും.
മത്സരം ഉറപ്പായ സാഹചര്യത്തിൽ നിർണായക ചർച്ചകൾക്കായി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ ഡൽഹിയിലെത്തും. യാത്രക്ക് ഒരു ദിവസത്തെ അവധി നൽകി രാഹുൽ വെള്ളിയാഴ്ചയാണ് ഡൽഹിയിലെത്തുക. രാഹുലിനെയും കെ.സി. വേണുഗോപാലിനെയും സോണിയ ഗാന്ധി വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രികകൾ നൽകാവുന്നത്. ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തുണ്ടായാൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.