പെട്ടി മാറി, ഗെഹ്ലോട്ട് അവതരിപ്പിച്ചത് പഴയ ബജറ്റ്, പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു
text_fieldsജയ്പൂർ: ഏറെ കാത്തിരുന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിയമസഭയിൽ അവതരിപ്പിച്ചത് പഴയ ബജറ്റ്. ആദ്യ ഏഴു മിനുട്ട് അദ്ദേഹം സഭയിൽ വായിച്ചത് പഴയ ബജറ്റായിരുന്നു. പിന്നീടാണ് പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി.
ആദ്യ രണ്ട് പ്രഖ്യാപനങ്ങൾ നടത്തിയതു തന്നെ 2022-23 ബജറ്റിലേതായിരുന്നു. നഗര തൊഴിലവസരങ്ങളെ കുറിച്ചും കൃഷിയെ കുറിച്ചുമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇത് പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ച് ചിരിച്ചു.
ഈ സമയം കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റ് തേടി പോവുകയും ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകുകയുമായിരുന്നു. എന്നാൽ പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. ഈ ബജറ്റ് അവതരിപ്പിക്കാനാകില്ല. മുഖ്യമന്ത്രിയാണ് ബജറ്റ് കൊണ്ടുവരേണ്ടത്. ബജറ്റ് ചോർന്നോ? - ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് ഗട്ടാരിയ സഭയിൽ ചോദിച്ചു.
സ്പീക്കർ സി.പി ജോഷി അംഗങ്ങളോട് അച്ചടക്കം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിക്ഷം ബഹളം തുടർന്നു. പ്രതിപക്ഷാംഗങ്ങൾ ബഹളം വെക്കുകയും പിന്നീട് സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ 30 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു.
സഭ നിർത്തിവെച്ചതിന് ശേഷവും ബി.ജെ.പി. എം.എൽ.എമാർ നടുത്തളത്തിൽ കുത്തിയിരിപ്പ് നടത്തി. ബഹളം തുടർന്നതോടെ സ്പീക്കർ സഭാ നടപടികൾ റദ്ദാക്കി.
പഴയ ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭയെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവഹേളിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി എം.എൽ.എ രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
ഗെഹ്ലോട്ട് സർക്കാറിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ഈ വർഷം അവസാനം സംസ്ഥാനം തെരഞ്ഞെടുപ്പ് നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.