പേരുമാറ്റം തുടരുന്നു; ജിം കോർബറ്റ് ദേശീയോദ്യാനം ഇനി രാംഗംഗ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ പേര് രാംഗംഗ ദേശീയോദ്യാനം എന്നാക്കി മാറ്റുന്നു. ടൈഗർ റിസർവ് ഡയരക്ടർ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
'ഒക്ടോബർ മൂന്നിന് ജിം കോർബറ്റ് ദേശീയോദ്യാനം സന്ദർശിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അശ്വനി കുമാർ ചൗബെ ദേശീയോദ്യാനത്തിന്‍റെ പേര് രാംഗംഗ ദേശീയോദ്യാനം എന്ന് മാറ്റുമെന്ന് പറഞ്ഞു'-ജിം കോർബറ്റ് ദേശീയോദ്യാനം ഡയരക്ടറെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
രാംനഗർ സന്ദർശനവേളയിൽ പ്രദേശത്തെ ദേല റെസ്ക്യൂ സെന്‍ററിൽ ടൈഗർ സഫാരി തുടങ്ങുമെന്നും ചൗബേ പ്രഖ്യാപിച്ചു. നിർദേശം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ ദേശീയോദ്യാനത്തിന് പുറത്തേക്ക് മാറ്റി പാർപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഉദ്യാനത്തിനുള്ളിൽ വസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നത് വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ചൗബേ പറഞ്ഞു.
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുകയും കാലാന്തരത്തില്‍ വന്യജീവി സംരക്ഷണ പ്രചാരകനുമായിത്തീര്‍ന്ന ലോക പ്രശസ്ത നായാട്ടുകാരനാണ് എഡ്വേര്‍ഡ് ജിം കോര്‍ബറ്റ് എന്ന ജിം കോര്‍ബറ്റ്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 1936ൽ ഹെയ്ലി ദേശീയോദ്യാനം എന്ന പേരിൽ കുമയൂൺ ഹിൽസിൽ യാഥാർഥ്യമാക്കിയതിന് പിന്നിലും കോർബറ്റാണ്. 1957ൽ ഈ പാർക്കിന് ഇദ്ദേഹത്തിന്‍റെ സ്മരണാർഥം ജിം കോർബറ്റ് ദേശീയോദ്യാനം എന്ന് പേരു നൽകുകയായിരുന്നു.
ജിം കോർബറ്റ് ദേശീയോദ്യാനം 520 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. കടുവകൾക്ക് അനുയോജ്യമായ ആവാസ കേന്ദ്രമായ ഇവിടെ കുന്നുകൾ, ചതുപ്പുനിലങ്ങൾ, പുഴയോര മേഖലകൾ, പുൽമേടുകൾ, ഒരു വലിയ തടാകം എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.