അശ്വിനി കുമാർ കോൺഗ്രസ് വിട്ടു; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്
text_fieldsന്യൂഡൽഹി: യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും നെഹ്റു കുടുംബത്തിന്റെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ട മുൻ നിയമമന്ത്രി അശ്വിനികുമാർ കോൺഗ്രസ് വിട്ടു. രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം. 69കാരനായ അശ്വിനികുമാർ ഡൽഹി സ്വദേശിയാണെങ്കിലും രാജ്യസഭാംഗമായത് പഞ്ചാബ് വഴിയാണ്.
46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ദഹിക്കാത്ത കാര്യമാണെന്ന് അശ്വിനികുമാർ വിശദീകരിച്ചു. ഭാവി നടപടി എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരിക്കലും അമരീന്ദറിന്റെ അടുത്ത വലയത്തിൽ പെട്ടയാളല്ല. എന്നാൽ, അദ്ദേഹത്തെ അവമതിച്ചതിൽ എതിർപ്പുണ്ട്; അപലപിക്കുന്നു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നേതൃത്വത്തെയാണ് പഞ്ചാബിൽ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയെ ജാതി അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രധാനമന്ത്രിയോട് ജനങ്ങൾക്ക് അതൃപ്തിയാണെങ്കിൽ എന്തുകൊണ്ട് കോൺഗ്രസിന് ജനം വോട്ടുചെയ്യുന്നില്ല എന്ന ചോദ്യം അടിക്കടി ഉയരുന്നുണ്ട്. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന നേതാവ് ജനത്തിന് സ്വീകാര്യമല്ലാത്തതാണ് കാരണം. അക്കാര്യമാകട്ടെ, പാർട്ടിയിൽ ചർച്ച ചെയ്യാവുന്നതിന് അപ്പുറത്തെ വിഷയമാണ്. തന്റെ ചിന്ത കോൺഗ്രസിൽ പലർക്കുമുണ്ട്. തഴയപ്പെട്ട വികാരം പലർക്കുമുണ്ട്.
എങ്ങോട്ടുപോകണമെന്ന് ചിന്തിച്ചിട്ടില്ല. ബി.ജെ.പിയിൽ ആരെയും കണ്ടിട്ടില്ല. ഒരു പാർട്ടിയിലും ചേർന്നെന്നുവരില്ല. കോൺഗ്രസിലെ ജി-23യുമായി തനിക്ക് ബന്ധമില്ല. പഞ്ചാബിൽ താരപ്രചാരകനായി ഉൾപ്പെടുത്താത്തതിലെ രോഷമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന പ്രചാരണങ്ങൾ അദ്ദേഹം നിഷേധിച്ചു. ആരാണ് താരപ്രചാരകർ? രാഹുലിനെയും പ്രിയങ്കയേയുമല്ലാതെ ആരെയെങ്കിലും കാണാനുണ്ടോ? -അശ്വിനികുമാർ ചോദിച്ചു. ഭഗവന്ത് സിങ് മാൻ മുഖ്യമന്ത്രിയായി പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.