റെയിൽവേ: കേരളത്തിന് 2,744 കോടി, അവഗണനയില്ല -അശ്വനി വൈഷ്ണവ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കേരളത്തോട് രാഷ്ട്രീയ വിവേചനം ഇല്ലെന്നും സംസ്ഥാനത്തിന് റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യു.പി.എ സർക്കാറിന്റെ കാലത്തേക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണ് ഇതെന്നും സംസ്ഥാനങ്ങൾക്കുള്ള റെയിൽവേ വിഹിതവുമായി ബന്ധപ്പെട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചു. പുതുതായി പ്രഖ്യാപിച്ച ജനസാന്ദ്രത ഇടനാഴി കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഒരുപോലെ ഗുണം ചെയ്യും. 6,600 കിലോമീറ്റർ നീളത്തിലാണ് ഉയർന്ന ഗതാഗത സാന്ദ്രത ഇടനാഴി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാറിനു കൈമാറിയിട്ടുണ്ട്. ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാറിന്റെ അനുമതിക്കായി കാത്തുകിടക്കുകയാണ്. ശബരി റെയിലിൽ വലിയ പ്രതീക്ഷയാണുള്ളത്. 27 കിലോമീറ്റർ അകലെ ശബരിമല തീർഥാടകരെ ഇറക്കിവിടുന്നതിൽ അർഥമില്ല. പദ്ധതിയുടെ രണ്ട് അലൈൻമെന്റ് പരിഗണനയിലുണ്ട്. ഇവ പരിശോധിച്ചശേഷം ഗുണപരമായ തീരുമാനമുണ്ടാകും.
കേരളത്തിലെ 35 സ്റ്റേഷനുകൾ നവീകരിക്കുന്നത് പുരോഗമിക്കുന്നു. 92 ഫ്ലൈ ഓവറുകളും ഫൂട്ട് ഓവർ ബ്രിഡ്ജുകളും സ്ഥാപിച്ചു. ഒരു സ്റ്റേഷൻ, ഒരു ഉൽപന്നം പദ്ധതിയിൽ കേരളത്തിൽ 40 കടകൾ പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ഉപേക്ഷിച്ചില്ലേയെന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. കേരളത്തിന്റെ ഭാഗത്തുനിന്ന് സിൽവർ ലൈനിൽ പിന്നീട് താൽപര്യമൊന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാറിനോടു ചോദിക്കണമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.