ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിൽ എ.എസ്.ഐ മരിച്ചു
text_fieldsമുൻഗർ: ബിഹാറിലെ മുൻഗറിൽ ആൾക്കൂട്ട ആക്രമണത്തിൽ അസി. സബ് ഇൻസ്പെക്ടർ മരിച്ചു. മുൻഗറിലെ മുഫാസിൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷ് കുമാർ സിങ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സംഘർഷ കേസുമായി ബന്ധപ്പെട്ട് എ.എസ്.ഐയും മറ്റ് ഉദ്യോഗസ്ഥരും നന്ദ്ലാൽപുർ ഗ്രാമത്തിൽ പോയപ്പോഴാണ് സംഭവം. അന്വേഷണത്തിനിടെ സംഘർഷത്തിൽ ഉൾപ്പെട്ട ചിലർ അദ്ദേഹത്തെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ആൾക്കൂട്ട ആക്രമണം: പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്തി
അഹ്മദാബാദ്: ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികളുടെ വീടുകൾ അധികൃതർ പൊളിച്ചുമാറ്റി. യാത്രക്കാരെ ആക്രമിച്ചതിനും കലാപം നടത്തിയതിനും അറസ്റ്റിലായ 14 പ്രതികളിൽ ആറ് പേരുടെയും വീടുകൾ ശനിയാഴ്ച അധികൃതർ പൊളിച്ചുമാറ്റുകയായിരുന്നു. അനധികൃത നിർമാണം ആരോപിച്ചാണ് പൊളിച്ചുമാറ്റൽ. ജനക്കൂട്ടം വഴിയാത്രക്കാരെ വടികളും വാളുകളും ഉപയോഗിച്ച് ആക്രമിച്ചതിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് 14 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ആറ് പേരുടെ വീടുകൾ അനധികൃതമായി നിർമിച്ചതാണെന്നു പറഞ്ഞാണ് പൊളിച്ചുമാറ്റിയത്. പൊലീസ് സാന്നിധ്യത്തിലാണ് അഹ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ പൂർത്തിയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.