സംഭൽ മസ്ജിദ് പരിസരം എ.എസ്.ഐ വൃത്തിയാക്കണം-അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ് രാജ്: സംഭൽ ജമാമസ്ജിദ് പരിസരം വൃത്തിയാക്കാൻ അലഹബാദ് ഹൈകോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യോട് നിർദേശിച്ചു. റമദാന് മുമ്പ് മസ്ജിദിൽ വെള്ള പെയിന്റടിക്കണമെന്നും പരിസരം വൃത്തിയാക്കണമെന്നും ബോധിപ്പിച്ച് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ഉത്തരവ്.
മൂന്നംഗ എ.എസ്.ഐ ഉദ്യോഗസ്ഥർ മസ്ജിദ് പരിസരം പരിശോധിച്ച് വെള്ളിയാഴ്ച രാവിലെ 10നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യാഴാഴ്ച കോടതി നിർദേശിച്ചിരുന്നു. മസ്ജിദിന്റെ ഉൾഭാഗം സെറാമിക് പെയിന്റാണെന്നും നിലവിൽ വെള്ള പെയിന്റടിക്കേണ്ടതില്ലെന്നുമായിരുന്നു റിപ്പോർട്ട്. മസ്ജിദിൽ വെള്ള പെയിന്റടിക്കുകയും വിളക്കുകളുടെ പ്രവൃത്തി നടത്തുകയും മാത്രമാണ് ആവശ്യമെന്ന് വെള്ളിയാഴ്ച മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ എസ്.എഫ്.എ നഖ്വി ബോധിപ്പിച്ചു. ഇതേതുടർന്നാണ് മസ്ജിദ് പരിസരം വൃത്തിയാക്കാൻ കോടതി നിർദേശിച്ചത്.
അതേസമയം, സംഭൽ ഷാഹി ജമാ മസ്ജിദിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ പ്രദേശവാസികളുടെ മൊഴിയെടുത്തു. കഴിഞ്ഞവർഷം നവംബർ 24നായിരുന്നു സംഘർഷം. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഹൈകോടതി റിട്ട. ജഡ്ജി ദേവേന്ദ്ര അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമീഷനെയാണ് യു.പി സർക്കാർ നിയോഗിച്ചത്. നേരത്തേ മൂന്നുതവണ സംഭവസ്ഥലം സന്ദർശിച്ച കമീഷൻ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.