എം.എൻ.എസ് ഭീഷണി: ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ ആർക്കിയോളജി വകുപ്പ്
text_fieldsന്യൂഡൽഹി: എം.എൻ.എസ് ഭീഷണിയെ തുടർന്ന് ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പുരാവസ്തു വകുപ്പിന്റെ തീരുമാനം. പളളിക്കമ്മിറ്റിയുടെ കൂടി നിർദേശപ്രകാരമാണ് നടപടി. ഔറംഗസേബ് സ്മാരകം പൊളിച്ചുകളയണമെന്ന് എം.എൻ.എസ് വക്താവ് ഗഞ്ജൻ കാലെ ആവശ്യപ്പെട്ടിരുന്നു. സ്മാരകം മഹാരാഷ്ട്രയിൽ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതിന് പിന്നാലെ അക്ബറുദ്ദീൻ ഉവൈസി സ്മാരകത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഉവൈസിയുടെ സന്ദർശനത്തെ വിമർശിച്ച് ശിവസേന, ബി.ജെ.പി, എം.എൻ.എസ് എന്നീ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഉവൈസിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉവൈസിയുടെ സന്ദർശനം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന അഭിപ്രായമാണ് എൻ.സി.പി അധ്യക്ഷൻ ശരത് പവാറും പ്രകടിപ്പിച്ചത്.
ഭീഷണിക്ക് പിന്നാലെ സ്മാരകത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് ആർക്കിയോളജി വകുപ്പ് നിർദേശം നൽകിയിരുന്നു. തുടർന്ന് കർശന പരിശോധനകളോടെയാണ് സ്മാരകം സന്ദർശിക്കാനെത്തിയവരെ പൊലീസ് കടത്തിവിട്ടിരുന്നത്. എന്നാൽ, സ്മാരകം കുറച്ച് ദിവസത്തേക്ക് അടച്ചിടുകയാവും ഉചിതമെന്ന നിലപാടിലേക്ക് പൊലീസും പള്ളിക്കമ്മിറ്റിയും എത്തിയതോടെയാണ് അഞ്ച് ദിവസത്തേക്ക് ഔറംഗസേബിന്റെ ശവകുടീരം അടച്ചിടാൻ ആർക്കിയോളജി വകുപ്പ് തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.