താജ്മഹലിൽ നമസ്കരിക്കുന്നതായ ദൃശ്യത്തിന്റെ ആധികാരികത അന്വേഷിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
text_fieldsആഗ്ര: താജ്മഹൽ പരിസരത്തെ പൂന്തോട്ടത്തിൽ പുരുഷൻ സ്ത്രീയോടൊപ്പം നമസ്കരിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ). "താജ്മഹലിന്റെ പരിസരമെന്ന് പറയപ്പെടുന്ന പ്രദേശത്ത് ഒരാൾ നമസ്‌കാരം നടത്തുന്നതായി പറയുന്ന ഒരു വീഡിയോ വൈറലാകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ഒരു ഉറപ്പും ഇല്ല. പ്രത്യേകിച്ചും താജ്മഹലിലെ ഞങ്ങളുടെ ജീവനക്കാരാരും അങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. ഞായറാഴ്‌ച താജ്‌മഹൽ പരിസരത്ത് ഞാനും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു സംഭവം കണ്ടില്ല'' -എ.എസ്.ഐയുടെ ആഗ്ര സർക്കിളിലെ സൂപ്രണ്ടിംഗ് പുരാവസ്തു ഗവേഷകൻ രാജ് കുമാർ പട്ടേൽ പറഞ്ഞു.
താജ് പരിസരത്ത് നമസ്കരിക്കുന്നതിന് നിരോധനം ഉള്ളതിനാൽ ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്. താജ്മഹൽ കോമ്പൗണ്ടിനുള്ളിലെ മസ്ജിദ് പരിസരത്ത് എല്ലാ വെള്ളിയാഴ്ചയും നമസ്കാരം നടക്കുന്നു. അതും താജ്മഹലിന് ചുറ്റുമുള്ള പ്രദേശവാസികൾക്ക് പാസ് അനുവദിച്ചുകൊണ്ടാണ് നടക്കുന്നത്. താജ്മഹൽ പരിസരത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സന്ദർശകരുടെ വരവ് പതിവിലും കൂടുതലുള്ള ദിവസങ്ങളിൽ സ്മാരകത്തിലെ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ്മഹൽ യഥാർത്ഥത്തിൽ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെടുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ പ്രവർത്തകർ വീഡിയോക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.